മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനി മുവാസലാത്ത് പുതിയ ഇൻറർസിറ്റി സർവിസ് കൂടി ആരംഭിക്കുന്നു. മസ്കത്ത്-ഇബ്രി-ബുറൈമി റൂട്ടിൽ വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിക്കും. വിവിധ ഗവർണറേറ്റുകൾക്കിടയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സർവിസ്. ജനങ്ങളെ പ്രത്യേകിച്ച് ഒമാനി പൗരന്മാരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുവാസലാത്ത് അറിയിച്ചു. ദിവസവും രണ്ടു സർവിസുകൾ വീതം ഉണ്ടാകും. അസൈബയിൽനിന്ന് രാവിലെ 9.30നും വൈകീട്ട് 3.30നും ബുറൈമിയിൽനിന്ന് 7.50നും വൈകീട്ട് അഞ്ചിനുമാണ് സർവിസുകൾ.
മസ്കത്തിൽ നിന്ന് രാവിലെ ഒമ്പതരക്ക് പുറപ്പെടുന്ന ബസ് ഉച്ചക്ക് ഒന്നരക്ക് ഇബ്രിയിലും വൈകീട്ട് നാലിന് ബുറൈമിയിലും എത്തും. വൈകീട്ട് പുറപ്പെടുന്ന ബസ് 7.40ന് ഇബ്രിയിലും 9.55ന് ബുറൈമിയിലുമെത്തും. ബുറൈമിയിൽനിന്നുള്ള സർവിസുകൾ ഉച്ചക്ക് 2.15നും രാത്രി 11.15നുമാണ് അസൈബ ബസ് സ്റ്റേഷനിൽ എത്തുക. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം -അൽ സഹ്വ ടവർ-നിസ്വ മാർക്കറ്റ്-ബഹ്ല മാർക്കറ്റ്-ഇബ്രി-ദങ്ക് റൗണ്ട് എബൗട്ട്, സുനൈന-ബുറൈമി എന്നിങ്ങനെയാണ് ബസിെൻറ റൂട്ട്. അസൈബയിൽനിന്ന് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ ചുവടെ, ബ്രാക്കറ്റിൽ ഇരുവശത്തേക്കുമുള്ളത്; നിസ്വ-ഒന്നര റിയാൽ (2.800), ഇബ്രി -3.200 (6.100), സുനൈന- 3.500 (6.600), ബുറൈമി -4.500 (8.500). ബർജ് അൽ സഹ്വയിൽനിന്നുള്ള ടിക്കറ്റ് നിരക്കുകൾ; നിസ്വ -1.400 റിയാൽ (2.600), ഇബ്രി -3.200 (6.100), സുനൈന- 3.500 (6.600), ബുറൈമി -4.500 (8.500).
മസ്കത്തിൽനിന്ന് ബർക്ക, അൽ റുസ്താഖ്, സമാഇൽ, ശന്ന-മസീറ തുടങ്ങിയയിടങ്ങളിലേക്ക് മുവാസലാത്ത് അടുത്തിടെ സർവിസുകൾ ആരംഭിച്ചിരുന്നു. ഇൗ വർഷം ഇനിയും വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിച്ച് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനാണ് മുവാസലാത്തിെൻറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.