സാധാരണഗതിയിൽ പെൻഷൻ തുടങ്ങുന്നത് അറുപതാമത്തെ വയസ്സിലാണെങ്കിലും വേണമെങ്കിൽ 75 വയസ്സ് വരെ വരിസംഖ്യ അടച്ചു പെൻഷൻ വാങ്ങാനുള്ള സൗകര്യവും ഉണ്ട്. 60/70/75 വയസ്സ് ആകുന്ന സമയത്ത് നിങ്ങളുടെ അക്കൗണ്ടിലുള്ള തുക പരമാവധി 60ശതമാനംവരെ പിൻവലിക്കാനുള്ള അവകാശം ഉണ്ട് . എന്നു വച്ചാൽ 40 ശതമാനം തുകയെങ്കിലും പെൻഷനു വേണ്ടി ‘ആനുറ്റി’ വാങ്ങാൻ ഉപയോഗിക്കേണ്ടതുണ്ട്. ഇത് മേൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിധേയമായി എത്ര ശതമാനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശവും, അതുപോലെ ആനുറ്റി വാങ്ങാനുള്ള പി.എഫ്.ആർ.ഡി.എ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനിയെയും നിക്ഷേപകന് തെരഞ്ഞെടുക്കാം. ഇനി പെൻഷൻ ഏതൊക്കെ രീതിയിൽ വേണം എന്ന് തീരുമാനിക്കാനുള്ള അവകാശവും നിക്ഷേപകന് ഉണ്ട്. പെൻഷൻ നിക്ഷേപകന് മാത്രം മതിയോ അല്ലെങ്കിൽ നിക്ഷേപകന്റെ മരണത്തിനുശേഷം ജീവിത പങ്കാളിക്ക് കൊടുക്കണമോ അതോ അവരുടെ രണ്ടുപേരുടെയും മരണശേഷം മറ്റു ആശ്രിതർക്ക് കൊടുക്കണമോ എന്നുള്ള തീരുമാനം മേൽപറഞ്ഞ ആനുറ്റി വാങ്ങുന്ന സമയത്ത് തീരുമാനിക്കേണ്ടതാണ്.
ഇത് വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായത് കൊണ്ട് ആ സമയത്ത് ഒരു സാമ്പത്തിക വിദഗ്ധനുമായി ആലോചിച്ച് തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും. കാലാവധി എത്തുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ നിൽക്കുന്ന തുക അതായത് നിങ്ങൾ നാളിതുവരെ അടച്ച് തുകയും അതിന്റെ മറ്റു ആനുകൂല്യങ്ങളും കൂടിയുള്ള തുക അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും നിങ്ങൾക്ക് പിൻവലിക്കാനുള്ള അവകാശം ഉണ്ട്. അങ്ങനെ ചെയ്യുമ്പോൾ പെൻഷൻ കിട്ടില്ല എന്ന് മാത്രം.
നിബന്ധനകൾക്ക് വിധേയമായി അത്യാവശ്യ സന്ദർഭങ്ങളിൽ നിങ്ങളുടെ പെൻഷൻ പദ്ധതിയിൽ നിങ്ങൾ അടച്ചതുകയുടെ 25ശതമാനംവരെ പിൻവലിക്കാനുള്ള സൗകര്യം ഉണ്ട്. പദ്ധതിയുടെ കാലയളവിൽ പരമാവധി മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്യാൻ കഴിയും. ഇതിന് മിനിമം മൂന്നുവർഷമെങ്കിലും കുടിശികയില്ലാത്ത അംഗമായിരിക്കണമെന്ന നിബന്ധനയുണ്ട്.പദ്ധതിയിൽനിന്ന് പിന്മാറാൻ സൗകര്യം
60 വയസ്സിന് മുന്നേ തുക പിൻവലിക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ നിൽക്കുന്ന തുകയുടെ 80 ശതമാനം പെൻഷൻ കിട്ടുന്നതിനുവേണ്ടി നിക്ഷേപിക്കേണ്ടിവരും. അതായത് 20 ശതമാനം മാത്രമേ പിൻവലിക്കാൻ ആകൂ എന്നർഥം. ഇനി അങ്ങനെ നിൽക്കുന്ന തുക രണ്ടര ലക്ഷ്യമോ അതിൽ താഴെയോ ആണെങ്കിൽ മുഴുവൻ പൈസയും നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യാൻ അഞ്ചുവർഷമെങ്കിലും തുടർച്ചയായി വരിസംഖ്യ അടക്കുന്ന ആളാകണം എന്ന് നിബന്ധന ഉണ്ട്.
നിർഭാഗ്യവശാൽ കാലാവധി എത്തുന്നതിനു മുന്നേ അംഗം മരണപ്പെട്ടാൽ നാളിതുവരെയുള്ള തുക ഒറ്റ തവണയായി അദ്ദേഹത്തിന്റെ നോമിനിക്ക് കിട്ടുന്നതായിരിക്കും.
റിട്ടയർമെന്റിന് ശേഷം മാന്യമായ ഒരു ജീവിതം നയിക്കാൻ മറ്റു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതികളിൽ അംഗങ്ങൾ അല്ലാത്തവർക്ക് ഇത് ഏറ്റവും നല്ല ഒരു അവസരമാണ്. ഇതൊരു വോളന്ററി റിട്ടയർമെന്റ് പദ്ധതിയാണ്. നിങ്ങൾ അടക്കുന്ന തുകക്ക് അനുസൃതമായി പെൻഷൻ ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഒരു നിശ്ചിത തുക മാസംതോറും അടക്കണമെന്ന് നിർബന്ധമില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും ഇതിലേക്ക് തുക അടക്കാവുന്നതാണ്. തികച്ചും സുതാര്യമായ പദ്ധതിയാണി നിലവിലെ ഫണ്ടിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു കണ്ടാൽ, വർഷത്തിലൊരിക്കൽ, പെൻഷൻ ഫണ്ട് മാനേജറെ മാറ്റാനുള്ള സൗകര്യവും അതുപോലെ തന്നെ ആട്ടോ ചോയിസിൽ നിന്നും ആക്ടിവ് ചോയ്സിലേക്കും അല്ലെങ്കിൽ തിരിച്ചും ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
ഓഹരി നിക്ഷേപം അല്ലെങ്കിൽ മ്യൂചൽ ഫണ്ടിലെ നിക്ഷേപം തുടങ്ങിയ നിക്ഷേപങ്ങളെ അപേക്ഷിച്ച് ചിലവ് താരതമ്യേന കുറവാണ് എന്നു മാത്രവുമല്ല, ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ പെൻഷൻ പദ്ധതികളിൽ ഒന്നാണിത്. പെൻഷൻ ഫണ്ടിൽ നിന്ന് കിട്ടുന്ന വരുമാനത്തിനും അതുപോലെതന്നെ തിരിച്ചെടുക്കുന്ന തുകക്കും ആദായനികുതി ബാധകമല്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആദായനികുതിയുടെ പഴയ സ്കീം എടുക്കുന്നവർക്ക് ഇ-പെൻഷൻ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന തുക പരമാവധി രണ്ടു ലക്ഷം രൂപയുടെ കിഴിവ് വരുമാനത്തിൽ നിന്നും വാർഷികമായി കിട്ടും. നിങ്ങളുടെ നിക്ഷേപത്തിന് ബാങ്ക് പലിശയേക്കാൾ ഉയർന്ന വരുമാനം ലാഭിക്കാം. എന്നിരുന്നാലും ഓഹരി, മ്യൂചൽ ഫണ്ട് നിക്ഷേപങ്ങളെ പോലെ തന്നെ ഓഹരി വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഈ പെൻഷൻ പദ്ധതിയുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ടു തന്നെ കൃത്യമായി ഒരു റിട്ടേൺ പ്രവചിക്കാൻ സാധ്യമല്ല. ഇതൊരു മ്യൂചൽ ഫണ്ടിന്റെ വലിയ മറ്റൊരു രൂപമായി കരുതാം. കൂടുതൽ വിവരങ്ങൾക്ക് https://npstrust.org.in/about-nps സന്ദർശിക്കുക.
(ലേഖകൻ ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.