മസ്കത്ത്: മാധ്യമപ്രവർത്തകർക്ക് മൂല്യബോധവും വിഷയബോധവും അനിവാര്യമാണെന്ന് മുൻ െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ ഇരയുമായ നമ്പി നാരായണൻ. കാര്യങ്ങൾ സത്യസന്ധമായി എഴുതണം. അല്ലാത്തപക്ഷം നിരപരാധികൾ ബലിയാടാക്കപ്പെടുന്ന അവസ്ഥയുണ്ടാകും. എെൻറ കാര്യത്തിൽ അതാണ് സംഭവിച്ചതെന്നും ‘ഗൾഫ് മാധ്യമം’ ഒാഫിസിൽ മാധ്യമം റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽക്ലബിൽ നടക്കുന്ന പുസ്തക മേളയിൽ സംബന്ധിക്കാൻ മസ്കത്തിൽ എത്തിയതായിരുന്നു നമ്പി നാരായണൻ.
തൊഴിൽരംഗത്ത് മൂല്യം കാത്തുസൂക്ഷിക്കുന്നവരാകണം മാധ്യമപ്രവർത്തകർ. ഇത് ഇല്ലാത്തവർ ഇൗ രംഗത്ത് അധികകാലം നല്ല രീതിയിൽ നിലനിൽക്കില്ല. എഴുതുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവും ബോധ്യവും ഉണ്ടാകണം. അറിയാത്ത വിഷയമാണെങ്കിൽ അറിയുന്നവരോട് ചോദിച്ച് അത് മനസ്സിലാകുമെങ്കിൽ മാത്രമേ എഴുതാവൂ. ചാരക്കേസിെൻറ സമയത്ത് ഇല്ലാകഥകൾ ചമച്ച മാധ്യമപ്രവർത്തകർ തങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളാണ് കൂടുതലും എഴുതിയത്. ഒരാളെ വിശ്വസിച്ച് അയാൾ പറഞ്ഞ കാര്യങ്ങൾ ഇവർ എഴുതുകയായിരുന്നു. തനിക്കെതിരെ അനാവശ്യ വാർത്തകൾ ചമക്കുന്നതിൽനിന്ന് വിട്ടുനിന്ന ഏക പത്രം ‘മാധ്യമ’മായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ നമ്പി നാരായണനുള്ള ഉപഹാരം സമ്മാനിച്ചു. അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലിയും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.