മസ്കത്ത്: പൊതുഗതാഗതം നവീകരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പായി കരുതുന്ന മസ്കത്ത് മെട്രോക്ക് ഉണ്ടാകുക 36 സ്റ്റേഷനുകൾ. ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. വളർന്നുവരുന്ന സുൽത്താൻ ഹൈതം സിറ്റിയെ സെൻട്രൽ ബിസിനസ് ഹബ്ബായ റൂവിയുമായി ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖല ഏകദേശം 50 കിലോമീറ്ററോളത്തിലായി ഉണ്ടാകും.
മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ട്, ഗാല കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, അൽ ഖുവൈർ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്ക് നിർണായക ലിങ്കുകൾ നൽകി ഏകദേശം 36 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഭാവിയിലെ പൊതുഗതാഗത വികസനത്തിന്റെ മൂലക്കല്ലായി മാറുന്ന മസ്കത്ത് മെട്രോക്ക് വളരെയധികം പ്രാധാന്യമുണ്ട്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പ്രധാന പാർപ്പിട-വാണിജ്യ മേഖലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും നഗര മൊബിലിറ്റിയുടെ പാരിസ്ഥിതിക കാൽപ്പാടുകൾ കുറക്കാനും രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതി, മസ്കത്തിലെ ദൈനംദിന യാത്രാമാർഗം പരിവർത്തനം ചെയ്യാൻ ലക്ഷ്യമിടുന്നു. മെട്രോ പൊതുഗതാഗത കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു.
മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോ നടപ്പാക്കുന്നത്. മസ്കത്തിൽ ശക്തമായ ഒരു പൊതുഗതാഗത സംവിധാനം ആവശ്യമാണ്. തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണ്. മികച്ച സംവിധാനം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ കടുത്ത തിരക്കും യാത്രക്കായി കൂടുതൽ സമയവും ചെലവഴിക്കേണ്ടിവരും. ഭാവിയിൽ യാത്രയുടെ വേഗം കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ മസ്കത്തിലെ വാഹന ഗതാഗത വേഗത ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്ററാണ്, ഇത് സ്വീകാര്യമാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത് മണിക്കൂറിൽ 27 കിലോമീറ്ററായി കുറയുമെന്നാണ് ഒരു പഠനം പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഗതാഗത മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്കത്ത് മെേട്രാ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ .ശതകോടി റിയാല്‍ നിക്ഷേപത്തിലാണ് പദ്ധതി ഒരുക്കുക.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വിനോദ സഞ്ചാരികള്‍ക്കുള്ള നഗരത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുക, റൂവിയിലെയും മത്രയിലെയും വാണിജ്യ കേന്ദ്രങ്ങളെ സൗത്ത് സീബുമായി ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ ജനകീയ ഗതാഗത സംവിധാനം സ്ഥാപിക്കുക, വിമാനത്താവളത്തിലേക്ക് ഒരു അധികപാതയും മറ്റ് പൊതുജനങ്ങളുമായി സംയോജിപ്പിക്കലും മസ്കത്ത് മെട്രോ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.