മത പ്രബോധകരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമം പ്രതിരോധിക്കും –സ്വലാഹുദ്ദീന്‍ മദനി 

മസ്കത്ത്: ഇസ്ലാം മുന്നില്‍വെക്കുന്നത്  മാനവികതയുടെയും മാനുഷികതയുടെയും പാഠങ്ങളാണെന്ന് കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്‍െറയും മതമാണ്. 
മത പ്രബോധകരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ഫാഷിസത്തിന്‍െറ ആസൂത്രിതമായ ശ്രമങ്ങളെ തിരിച്ചറിയുകയും അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 
 റൂവിയില്‍ ഒമാനിലെ ഇസ്ലാഹി സംഘടനകളുടെ ഐക്യ സമ്മേളനത്തില്‍ സമ്മേളന പ്രമേയമായ  ‘മതം, മാനവികത, പ്രബോധനം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വികാരനിര്‍ഭരമായ  നിമിഷങ്ങളോടെയാണ് കേരളത്തിലെ മുജാഹിദ് സംഘടനകളുടെ പുനരേകീകരണത്തെ തുടര്‍ന്നുള്ള ഒമാനിലെ ഇസ്ലാഹി സംഘടനകളുടെ ഐക്യസമ്മേളനം മസ്കത്ത് റൂവി അല്‍ മാസാ ഹാളില്‍ നടന്നത്. 
ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും എത്തിയ സമ്മേളനം  കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിന്‍െറ പിളര്‍പ്പുമായി ബന്ധപ്പെട്ട വേദനയുടെ കാലം ടി.പി. അബ്ദുല്ലക്കോയ മദനി അനുസ്മരിച്ചു. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ വേദനിച്ചവരാണ് ഞങ്ങള്‍. അകന്നിരിക്കുന്നവര്‍ക്ക് മുന്നില്‍ ഇപ്പോഴും ഈ കവാടം തുറന്നിരിക്കുകയാണ്. പ്രബോധനരംഗത്ത് തുറന്ന മനസ്സോടെ സംവദിക്കുന്നു. ക്ഷമ അവലംബിച്ചും ആരോപണങ്ങള്‍ കേട്ടില്ളെന്നു നടിച്ചുമാണ് ഈ നീണ്ട കാലം കഴിഞ്ഞത്. ഭിന്നിക്കാന്‍ എളുപ്പമാണ്. അടുക്കാനാണ് പ്രയാസം. കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഐക്യം സാധ്യമാക്കുന്നതിന് അച്ചടക്കമുള്ള പ്രവര്‍ത്തകരാണ് പ്രസ്ഥാനത്തെ സഹായിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 
ഗള്‍ഫാര്‍ മുഹമ്മദലി മുഖ്യാതിഥിയായി പങ്കെടുത്തു. വെളിച്ചം ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയുടെ 19ാം മൊഡ്യൂള്‍ പ്രകാശനം  ഗള്‍ഫാര്‍ മുഹമ്മദലിക്ക്  നല്‍കി ടി.പി. അബ്ദുല്ലക്കോയ മദനി  നിര്‍വഹിച്ചു. ദാറുദ്ദഅ്വ രജിസ്ട്രേഷന്‍ ഉദ്ഘാടനം എം. സ്വലാഹുദ്ദീന്‍ മദനി നിര്‍വഹിച്ചു. ഓപണ്‍ ബുക്ക് ഹോം പരീക്ഷയില്‍ ഉന്നത വിജയികളായവര്‍ക്ക് ടീജാന്‍ അമീര്‍ ബാബു, മെഹ്ബൂബ്  എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. മദ്റസ പൊതു പരീക്ഷയില്‍ ഉന്നത വിജയികളായവര്‍ക്ക് അബൂബക്കര്‍ പൊന്നാനി, നദീര്‍, ശിഹാബുദ്ദീന്‍ എന്നിവര്‍  സര്‍ട്ടിഫിക്കറ്റ്  വിതരണം നടത്തി. പി.എ.വി. അബൂബക്കര്‍ ഹാജി ( കെ.എം.സി.സി), സിദ്ദീഖ് ഹസന്‍ (ഒ.ഐ.സി.സി), മുനീര്‍  വരന്തരപ്പള്ളി(കെ.ഐ.എ ), ഉമര്‍ സാഹിബ് (ഇസ്ലാമിക് സെന്‍റര്‍) എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍  ദാഇയും യുവ പണ്ഡിതനുമായ ശമീര്‍ ചെന്ത്രാപ്പിന്നി ‘ഖുര്‍ആന്‍ വസന്തമാണ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി . ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഷാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം അംഗടിമുഗള്‍ സ്വാഗതം പറഞ്ഞു. മുനീര്‍ എടവണ്ണ, അക്ബര്‍ സാദിഖ്, ജരീര്‍ പാലത്ത്, മുജീബ് കടലുണ്ടി എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - mujahidh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.