വിമാനടിക്കറ്റ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിങ് വിഭാഗം മേധാവി ഉദേഷ് മോഹനന് കൈമാറുന്നു
മസ്കത്ത്: നീണ്ട 13 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന കൊല്ലം ചവറ സ്വദേശി മോഹനൻ പൊതുമാപ്പിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്കു മടങ്ങി. ശനിയാഴ്ച രാത്രിയുള്ള വിമാനത്തിലാണ് മടങ്ങിയത്. പിന്നിട്ട വർഷങ്ങളിലെല്ലാം പലവിധ ജോലികൾ ചെയ്തെങ്കിലും ജീവിതം കരുപിടിപ്പിക്കാൻ കഴിയാതെയാണ് ഭാര്യക്കും രണ്ടു മക്കൾക്കും അടുത്തേക്കുള്ള ഇദ്ദേഹത്തിെൻറ തിരിച്ചുപോക്ക്. കഴിഞ്ഞ 11 വർഷമായി അനധികൃതമായാണ് ഒമാനിൽ കഴിഞ്ഞുവന്നിരുന്നത്. റൂവി കെ.എം.സി.സി പ്രവർത്തകർ ഏറെ പരിശ്രമിച്ചാണ് ഇദ്ദേഹത്തിെൻറ മടക്കയാത്ര സാധ്യമാക്കിയത്.
13 വർഷംമുമ്പ് സലാല റൂട്ടിലെ നിർമാണ സാമഗ്രികൾ നിർമിക്കുന്ന കമ്പനിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. രണ്ടു വർഷത്തിനുശേഷം കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെയാണ് ഇദ്ദേഹത്തിെൻറ ദുരിതജീവിതം തുടരുന്നത്. റൂവിയിലെത്തിയ ഇദ്ദേഹം മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടയിൽ വിസ കാലാവധി കഴിഞ്ഞു. ഏതാനും വർഷം മുമ്പ് കമ്പനി പ്രതിസന്ധിയിലായതോടെ വേതനം കൃത്യമായി ലഭിച്ചിരുന്നില്ല. തുടർന്ന് പലവിധ ജോലികൾ ചെയ്താണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. നാട്ടിലെ പ്രയാസങ്ങൾ മൂലമാണ് മടക്കയാത്ര വൈകിയതെന്ന് മോഹനൻ പറയുന്നു.
ഏതാനും മാസം മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പൂർണമായി അടച്ചതോടെ ജീവിതം വഴിമുട്ടി. ഇതോടെയാണ് പൊതുമാപ്പിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് റൂവി കെ.എം.സി.സിയെ സമീപിക്കുന്നത്. വിരലടയാളങ്ങളൊന്നും കമ്പ്യൂട്ടർ സംവിധാനത്തിൽ ഇല്ലാതിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് യാത്രാനുമതി സംഘടിപ്പിച്ചതെന്ന് കെ.എം.സി.സി ഭാരവാഹികൾ പറയുന്നു. രണ്ടു മാസത്തോളം ഇതിനായി എടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്. സാധനങ്ങളും സമ്മാനങ്ങളുമൊക്കെ വാങ്ങിനൽകിയാണ് കെ.എം.സി.സി പ്രവർത്തകർ മോഹനനെ യാത്രയയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.