മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ ആകാശത്ത് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ക്വാഡ്രന്റിഡ് ഉൽക്കവർഷം ദൃശ്യമാകുമെന്ന് ഒമാനി സൊസൈറ്റി ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് അറിയിച്ചു. വർഷത്തിലൊരിക്കൽ കാണപ്പെടുന്ന വിപുലമായ ഉൽക്കവർഷങ്ങളിലൊന്നായ ക്വാഡ്രന്റിഡ്, പുതിയ വർഷത്തിന്റെ തുടക്കത്തോടെയാണ് ഉച്ചസ്ഥായിയിലെത്തുന്നത്. അനുകൂലമായ നിരീക്ഷണ സാഹചര്യങ്ങളിൽ ഒരു മണിക്കൂറിൽ 120 ഉൽക്കകളെ വരെ കാണാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിസംബർ 28 മുതൽ ജനുവരി 12 വരെ ആകാശത്ത് ദൃശ്യമാകുന്ന ക്വാഡ്രന്റിഡ് ഉൽക്കവർഷം ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് ഉച്ചസ്ഥായിയായി പ്രതീക്ഷിക്കുന്നത്. അർധരാത്രിക്ക് ശേഷം, പ്രകാശം കുറവുള്ള ഇരുണ്ട ഇടങ്ങളിലാണ് നന്നായി ഉൽക്കകളെ നിരീക്ഷിക്കാനാവുക.
ക്വാഡ്രന്റിഡ് ഉൽക്കവർഷത്തിന്റെ ഉറവിടം 2003 ഇ.എച്ച്.വൺ എന്നറിയപ്പെടുന്ന ഭൂമിക്ക് സമീപമുള്ള ഒരു ഗോള വസ്തുവുമായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 2003ൽ കണ്ടെത്തപ്പെട്ട ഈ ഗോളവസ്തു, സൂര്യനെ ചുറ്റി ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഏകദേശം അഞ്ചര വർഷം കൊണ്ടാണ് ഇത് ഒരു പൂർണ ഭ്രമണം പൂർത്തിയാക്കുന്നത്. ഈ ദീർഘയാത്രയിൽ അതിശക്തമായ താപനില വ്യതിയാനങ്ങൾക്കും ഇത് വിധേയമാകുന്നുണ്ട്.
ക്വാഡ്രന്റിഡ് ഉൽക്കവർഷവുമായി ബന്ധപ്പെട്ട കണങ്ങൾ പല സജീവ ധൂമകേതുക്കളിലെ അവശിഷ്ടങ്ങളേക്കാൾ കൂടുതൽ സാന്ദ്രവും ഘനവുമാണ്. അതിനാലാണ് ഈ ഉൽക്കവർഷത്തിന് കൂടുതൽ തെളിച്ചവും ചുരുങ്ങിയ ഉച്ചസ്ഥായിയും ഉണ്ടാകുന്നത്.
ഉയർന്ന വേഗവും ശക്തമായ പ്രകാശവുമാണ് ക്വാഡ്രന്റിഡ് ഉൽക്കകളുടെ മറ്റൊരു സവിശേഷത. പലപ്പോഴും നീലഛായയുള്ള വെളുത്ത നിറത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
ചില ഉൽക്കകൾ ഏതാനും സെക്കൻഡുകൾ നിലനിൽക്കുന്ന പുകമഞ്ഞുപോലുള്ള പാതകൾ ആകാശത്ത് അവശേഷിപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.