മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന 12 ദിവസത്തെ ലോക്ഡൗൺ ഇ ന്ന് രാവിലെ പത്തു മുതൽ നിലവിൽ വരും. രോഗപ്പകർച്ച ഉയർന്ന തോതിലുള്ള മത്ര വിലായത്ത് ഏപ്രിൽ ഒന്ന് മുതൽ ലോക് ഡൗണിലാണ്. മത്രയിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ അൽ അമിറാത് ത്, ബോഷർ, മസ്കത്ത് (ഒാൾഡ് ടൗൺ), ഖുറിയാത്ത്, അൽസീബ് തുടങ്ങിയ വിലായത്തുകളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുക. ലോക്ഡൗൺ കാലയളവിൽ ഇൗ മേഖലകളിലെയെല്ലാം സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങൾ, മരുന്ന് വാങ്ങൽ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം. നിലവിൽ തുറക്കാൻ അനുമതിയുള്ള കടകൾക്ക് ലോക്ഡൗൺ ദിവസങ്ങളിലും പ്രവർത്തിക്കാം. മറ്റു വിലായത്തുകളിൽ ഉള്ളവർക്ക് മത്ര മേഖലയിലേക്ക് നിലവിലുള്ള പ്രവേശന നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.
വെള്ളിയാഴ്ച രാവിലെ പത്തിന് മസ്കത്ത് ഗവർണറേറ്റിലേക്കുള്ള എല്ലാ എൻട്രി, എക്സിറ്റ് പോയിൻറുകളും അടക്കും. ഏപ്രിൽ 22ന് രാവിലെ പത്തുവരെ മസ്കത്തിനുള്ളിലുള്ള വ്യക്തികളെ ആരെയും പുറത്തുപോകാനോ മറ്റ് ഗവർണറേറ്റുകളിലുള്ള ആരെയും മസ്കത്തിലേക്ക് പ്രവേശിപ്പിക്കുകയും ഇല്ല. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഗവർണറേറ്റുകൾക്കിടയിലുള്ള സഞ്ചാരം അനുവദിക്കുകയുള്ളൂ. അടിസ്ഥാന സേവനങ്ങൾ, അടിസ്ഥാന ഉൽപന്നങ്ങളുടെയും ലഭ്യത എന്നിവയാണ് ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാരത്തിന് പ്രാഥമികമായി പരിഗണിക്കുക. ലോക്ഡൗണിെൻറ ചുമതലയുള്ള അധികൃതരായിരിക്കും പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒാഫിസിൽ സാന്നിധ്യം നിർബന്ധമുള്ളവർക്ക് ജോലിക്ക് പോകാം. ഇവർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെച്ചിരിക്കണം. ചെക്ക്പോയിൻറുകളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടുന്ന പക്ഷം വിശദീകരണം നൽകണം. മസ്കത്തിന് പുറത്ത് താമസിക്കുന്ന ജീവനക്കാർക്ക് കമ്പനികൾ പ്രത്യേകം ആവശ്യപ്പെട്ടാൽ അല്ലാതെ പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 22ന് രോഗബാധയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ലോക്ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും ആർ.ഒ.പി അറിയിച്ചു.
അടിയന്തര സേവനങ്ങൾക്കുള്ള വാഹനങ്ങൾക്കും ഭക്ഷ്യോൽപന്നങ്ങളുമായി വരുന്ന ട്രക്കുകൾക്കും അടക്കം വിലക്ക് ഉണ്ടാകില്ല. ആരോഗ്യ സേവനങ്ങളും സമൂഹത്തിെൻറ എല്ലാ തുറയിലും ഉള്ളവർക്ക് തടസ്സമില്ലാതെ ലഭ്യമാകും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ബാത്തിന എക്സ്പ്രസ്വേ, സുൽത്താൻ ഖാബൂസ് ഹൈവേ, തെക്കൻ ശർഖിയയുമായി ബന്ധിപ്പിക്കുന്ന ഖുറിയാത്തിലൂടെയുള്ള റോഡ്, ബിഡ്ബിദിൽ നിന്ന് മസ്കത്തിലേക്കുള്ള റോഡ് എന്നിവ ലോക്ഡൗൺ കാലയളവിൽ ബ്ലോക്ക് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.