മേഖലയിലെ സംഘർഷം ലഘൂകരിക്കൽ; നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് ഒമാനും യൂറോപ്യൻ യൂനിയനും

മസ്കത്ത്: മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നയതന്ത്ര ചർച്ചകൾ തുടരേണ്ടത് അത്യാവശ്യമാണെന്ന് ഒമാനും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യൂറോപ്യൻ യൂണിയൻ വിദേശകാര്യ-സുരക്ഷാ നയങ്ങൾക്കായുള്ള ഉന്നത തല പ്രതിനിധിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ കജ കല്ലസും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷ, സ്ഥിരത, സമുദ്ര ഗതാഗതം എന്നിവ നേരിടുന്ന വെല്ലുവിളികളും ഉൾപ്പെടെയുള്ള ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നിലവിലെ പ്രതിസന്ധി നിയന്ത്രിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും വിധത്തിൽ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയേണ്ടതുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

പ്രതിസന്ധികളെ മറികടക്കുന്നതിനും സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര ഗതാഗതം പുനരാരംഭിക്കുന്നതിനും നയതന്ത്രം തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർഗം. ആഗോള വ്യാപാരത്തിലും സാമ്പത്തിക സ്ഥിരതയിലും സുപ്രധാന പങ്ക് വഹിക്കുന്ന, പ്രധാന സമുദ്ര പാതകൾ സംരക്ഷിക്കേണ്ടതിന്റെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ചർച്ചയിൽ എടുത്തുപറഞ്ഞു. പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള മുൻഗണനാ മാർഗമായി ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഏകോപനത്തിന്റെയും കൂടിയാലോചനകളുടെയും തുടർച്ചയാണ് ഈ ഫോൺ കോൾ.

Tags:    
News Summary - De-escalating regional conflict; Oman and the European Union call for intensified diplomatic efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.