രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ പ്രശാന്ത് പിസെ മസ്കത്തിൽ ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങി. ഒമാനിലേക്കുള്ള നയതന്ത്ര ചുമതല ഔദ്യോഗികമായി കൈമാറിക്കൊണ്ടുള്ള അധികാരപത്രം രാഷ്ട്രപതി പ്രശാന്ത് പിസെക്ക് കൈമാറിയതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
2024 മുതൽ മസ്കത്തിലെ ഇന്ത്യൻ അംബാസഡറായിരുന്ന ജി.വി. ശ്രീനിവാസിന് പകരക്കാരനായി കഴിഞ്ഞ മേയ് 11 നാണ് പ്രശാന്ത് പിസെയെ നിയമിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ പിസെ ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ, യൂറോപ്യൻ കാര്യങ്ങളിൽ നയതന്ത്ര വൈദഗ്ധ്യമുള്ള അദ്ദേഹത്തിന് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ജപ്പാൻ, മൗറീഷ്യസ്, യുകെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ നിയമനത്തിന് തൊട്ടുമുമ്പ് ഇറാഖിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം, പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.