ഇന്ത്യൻ കപ്പൽ ജീവനക്കാരെ രക്ഷിച്ച ഒമാന് നന്ദി അറിയിച്ച് ശശി തരൂർ എം.പി

ന്യുഡൽഹി/ മസ്കത്ത്:  ഒമാൻ ഉൾക്കടലിൽ ആക്രമണത്തിനിരയായ പലാവൂ പതാകയേന്തിയ ‘എം.ടി സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിൽ നിന്ന് 21 ഇന്ത്യൻ കപ്പൽ ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയ ഒമാൻ സുൽത്താനേറ്റിന് നന്ദി അറിയിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ഒമാന്റെ സമയബന്ധിതമായ ഇടപെടൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ തെളിവാണെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലെ പ്രസ്താവനയിൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട തന്റെ മുമ്പത്തെ പോസ്റ്റിൽ  ഒമാന് നന്ദി പറയാൻ വിട്ടുപോയതിനെ പ്രത്യേകം സൂചിപ്പിച്ച്,  ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെ ടാഗ് ചെയ്താണ് തരൂരിന്റെ പോസ്റ്റ്.  കപ്പലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ അദ്ദേഹം അനുശോചിക്കുകയും ചെയ്തു. 

24 ഇന്ത്യൻ ജീവനക്കാരുമായി പോയ കപ്പലിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് യു.എസ് സേന കപ്പലിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന്  ന്യൂഡൽഹിയിലെ യു.എസ് എംബസി ചാർജ് ദെ അഫയേഴ്‌സ് ജേസൺ മിക്സിനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. 

ഹുർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾ ഇന്ത്യയിലെ ഇറാൻ എംബസി പൂർണമായി തള്ളിയിട്ടുണ്ട്.

Tags:    
News Summary - Shashi Tharoor MP expresses gratitude to Oman for rescuing Indian crew members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.