മസ്കത്ത്: കാൽപന്തുകളി എന്നും മലപ്പുറത്തിന്റെ ആവേശവും അഭിമാനവുമാണ്. ആ പാരമ്പര്യവും സൗഹൃദവും കായികമികവും ഒമാനിലെ പ്രവാസി സമൂഹത്തിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച ‘ഫുട്ബോൾ സൗഹൃദ മത്സരം 2026’ ഗുബ്ര ഫുട്ബാൾ ഗ്രൗണ്ടിൽ അരങ്ങേറി. ‘കളിക്കളത്തിൽ മത്സരം, മനസ്സുകളിൽ സൗഹൃദം’ എന്ന സന്ദേശമുയർത്തി നടന്ന മത്സരത്തിൽ അർജന്റീന, ബ്രസീൽ ടീമുകളായാണ് കളിക്കാർ ജഴ്സിയണിഞ്ഞ് കളത്തിൽ ഏറ്റുമുട്ടിയത്.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ബ്രസീൽ 5-3 ന് അർജന്റ്റിനയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ‘ബ്രസീലി’നായി അക്ബർ ഹാട്രിക് കുറിച്ചപ്പോൾ അഫ്സൽ , ഷംസീർ എന്നിവർ ഓരോ ഗോളുകൾ നേടി. ‘അർജന്റീന’യുടെ ആശ്വസ ഗോളുകൾ പ്രമോദ് (രണ്ട്), സഫ്‍വാൻ (ഒന്ന്) എന്നിവരുടെ വകയായിരുന്നു. ബ്രസിൽ ടീമിനെ അൻവർ സാദത്തും അർജന്റിന ടീമിനെ പ്രമോദും നയിച്ചു.
മത്സരശേഷം ഇരുടീമുകൾക്കും അഡ്മിൻമാരായ ബാലകൃഷ്ണൻ വലിയാട്ട് , അബ്ദുൾ റഹ്മാൻ, ഷമീർ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. കായികമത്സരത്തിന്റെ ആവേശത്തിനപ്പുറം, പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിച്ച ഈ ഫുട്ബോൾ സൗഹൃദ മത്സരം എല്ലാവർക്കും മനോഹരമായ ഓർമ്മയായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.