മസ്കത്ത്: കമ്പനികളുടെ കൈവശമുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം ഇനി കർക്കശ വ്യവസ്ഥകളോടെ മാത്രം. ഇതുസംബന്ധിച്ച് ഭവനവകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് അൽ ഷബീബി ഉത്തരവിട്ടു. ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അടുത്ത ദിവസം പുതിയ വ്യവസ്ഥകൾ നിലവിൽ വരുമെന്ന് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു.
സ്വദേശികളുടെയും ജി.സി.സി പൗരന്മാരുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിന് ആവശ്യമായ ഭൂമിയും വസ്തുവകകളും മാത്രമാണ് കൈവശം വെക്കാൻ അനുമതിയുണ്ടാവുക. ഇൗ ഉടമസ്ഥതാവകാശം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. വസ്തുവിെൻറ മൂല്യം കമേഴ്സ്യൽ രജിസ്റ്ററിൽ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട് പൊരുത്തമുള്ളതായിരിക്കണമെന്നതാണ് ആദ്യ നിബന്ധന. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസ്, ജീവനക്കാരുടെ താമസ സ്ഥലം, വെയർഹൗസുകൾ, ഷോറൂമുകൾ, വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള സ്ഥലത്തിന് മാത്രമാകും ഉടമസ്ഥതാവകാശം ബാധകം.
കീഴിലുള്ള സ്ഥലം പദ്ധതിക്ക് യഥാർഥത്തിൽ വേണ്ടതിലും അധികമാവുകയും ചെയ്യരുത്. പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തെ മാത്രം വസ്തുക്കൾക്കായിരിക്കും കമ്പനിയുടെ ഉടമസ്ഥാവകാശം ബാധകമെന്നും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത പത്തിൽ കുറയാത്ത തൊഴിലാളികൾ കമ്പനിക്ക് ഉണ്ടായിരിക്കുകയും വേണം. മറിച്ചുവിറ്റ് ലാഭം നേടുകയെന്ന ഉദ്ദേശ്യത്തോടെയാകരുത് വസ്തു സ്വന്തമാക്കുന്നതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. രജിസ്റ്റർ ചെയ്ത് നാലുവർഷം പിന്നിടാതെ ഭൂമി കൈമാറ്റം ചെയ്യുന്നത് അനുവദനീയമല്ല. എന്ത് ആവശ്യം കാണിച്ചാണോ ഭൂമി സ്വന്തമാക്കിയത് ആ പ്രവർത്തനങ്ങൾ നടത്താതെ ഭൂമി കൈമാറുന്നത് അനുവദിക്കില്ലെന്ന് ഉത്തരവിെൻറ ആദ്യ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നു.
കമ്പനികൾ സ്ഥലങ്ങൾ മൂന്നാം കക്ഷികൾക്ക് പാട്ടത്തിന് നൽകരുതെന്നും രണ്ടാം ഖണ്ഡികയിൽ വ്യവസ്ഥ ചെയ്യുന്നു. ടൂറിസം പദ്ധതികൾക്കായുള്ള സ്ഥലങ്ങൾക്ക് മാത്രമേ ഇൗ വ്യവസ്ഥയിൽനിന്ന് ഇളവുണ്ടായിരിക്കുകയുള്ളൂ. മുസന്ദം, അൽ ദാഹിറ, ബുറൈമി, ദോഫാർ (സലാല ഒഴിച്ച്), ജബൽ അഖ്ദർ, ജബൽ ഷംസ്, ലിവ, ഷിനാസ്, ദുകം എന്നിവിടങ്ങളിൽ സ്വദേശികളുടെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിൽനിന്ന് മാത്രമേ ഉടമസ്ഥ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.