മസ്കത്ത്: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ഉറ്റവരുടെ ഒാർമകളിൽ വിറങ്ങലിച്ച് പ്രവാസി യുവാവ്. കനത്ത മഴയെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് തൃശൂർ കുറാഞ്ചേരിയിലുണ്ടായ ഉരുൾപൊട്ടലിൽ മസ്കത്തിൽ എ.സി ടെക്നീഷ്യനായി ജോലിചെയ്യുന്ന സിജോക്ക് നഷ്ടമായത് അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ അഞ്ച് അംഗങ്ങളെയാണ്. ആറുവർഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം കൊണ്ട് നിർമിച്ച കൊച്ചുവീടും സ്ഥലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഭാര്യയും കുഞ്ഞും ഒരു സഹോദരിയും മാത്രമാണ് സിജോയുടെ കുടുംബത്തിൽ ബാക്കിയായവർ. പ്രസവിച്ചു കിടക്കുന്ന ഭാര്യ അവരുടെ വീട്ടിലായതിനാലാണ് രക്ഷപ്പെട്ടത്.
ആഗസ്റ്റ് 16ന് അതിരാവിലെയാണ് സിജോയുടെ ജീവിതത്തിൽ ദുരന്തം ഉരുൾപൊട്ടിയെത്തിയത്. പിതാവ് മത്തായി, അമ്മ റോസ, സഹോദരി സൗമ്യ, സൗമ്യയുടെ മക്കളായ മെറിൻ, മെൽന എന്നിവരാണ് മണ്ണിനടിയിൽപെട്ട് മരിച്ചത്. വീട്ടിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അഞ്ചു വീടുകളിലായി 19 പേരാണ് കുറാഞ്ചേരിയിൽ മരണപ്പെട്ടത്. പീച്ചിയിൽ താമസിക്കുന്ന സിജോയുടെ സഹോദരി സൗമ്യ മലമ്പുഴ അണക്കെട്ട് തുറന്നു വിട്ടതോടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് 15ന് അർധരാത്രിയോടെയാണ് വീട്ടിലെത്തിയത്. രാവുറങ്ങിയെഴുന്നേൽക്കും മുമ്പ് ഇവരെ തേടി മരണമെത്തുകയായിരുന്നു. സിജോയുടെ രണ്ടാമത്തെ സഹോദരി ചേലക്കരയിലാണ് താമസിക്കുന്നത്.
മണ്ണിടിഞ്ഞുവീണ് വീടിന് ചെറിയ കേടുപാട് ഉണ്ടെന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ 16ന് വൈകീട്ട് സിജോയെ നാട്ടിലേക്ക് കയറ്റിയയച്ചത്.
ഇതുവരെ ഉരുൾപൊട്ടൽ ഉണ്ടാകാത്ത സ്ഥലമായതിനാൽ കാത്തിരുന്ന ദുരന്തത്തെ കുറിച്ച് വിദൂര ചിന്തപോലുമുണ്ടായില്ലെന്ന് സിജോ പറയുന്നു. കോഴിക്കോട് വിമാനമിറങ്ങിയ ശേഷം ലോറിയിലും മറ്റും കയറി 17ന് വൈകീട്ട് നാട്ടിൽ എത്തിയപ്പോഴാണ് ഉറ്റവരെല്ലാം തന്നെ വിട്ടുപിരിഞ്ഞ കാര്യം സിജോ അറിയുന്നത്. കുറാഞ്ചേരിയിൽ തന്നെ ഒരു വാടക വീട് എടുത്താണ് സിജോ ഇപ്പോൾ താമസിക്കുന്നത്. സർക്കാറിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് പറയുന്ന സിജോ മുന്നോട്ടുള്ള ജീവിതത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.