മസ്കത്ത്: തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതിവേഗ കോടതി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കോടതിയെ സഹായിക്കുന്നതിന് നിയമ വിദഗ്ധർ അടങ്ങിയ സാേങ്കതിക കമ്മിറ്റിക്ക് രൂപം നൽകിയതായി മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സ് പ്ലാനിങ് വിഭാഗം അഡ്വൈസർ മുഹമ്മദ് ഗാലിബ് അൽ ഹിനായി പറഞ്ഞു. തൊഴിൽ നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ലക്ഷ്യമിട്ട് മന്ത്രാലയം നടപ്പിൽ വരുത്തുന്ന പുതിയ നിയമ പരിഷ്കാരങ്ങളുടെ ഭാഗമാണ് അതിവേഗ കോടതി.
നിലവിൽ തൊഴിൽ തർക്കങ്ങൾ മാസങ്ങൾ സമയമെടുത്താണ് തീർപ്പാകുന്നത്. തൊഴിൽ പ്രശ്നങ്ങൾക്ക് മാത്രമായി നിയമ സംവിധാനം നിലവിൽവരുന്നതു വഴി ഇൗ സമയത്തിൽ കാര്യമായ കുറവുവരുത്താൻ കഴിയും. ജോലിക്കെടുക്കുന്നതും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വിശദീകരിക്കുന്ന തൊഴിൽ നിയമത്തിലെ 41ാം ആർട്ടിക്കിൾ പ്രകാരം കമ്പനികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഒരാളെ ജോലിയിൽനിന്ന് ഒഴിവാക്കാൻ അനുവാദം നൽകുന്നതാണെന്ന് അൽ ഹിനായി പറഞ്ഞു. തൊഴിലാളിക്കെതിരെ നടപടിയെടുക്കും മുമ്പ് അതിന് ആധാരമായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ജോലിയിൽ തുടരാൻ അനുവദിക്കാൻ കഴിയില്ല എന്ന കാര്യം സാധൂകരിക്കുന്നതാകണം ഇൗ തെളിവുകൾ. സ്വദേശിയെയാണ് ജോലിയിൽനിന്ന് ഒഴിവാക്കുന്നതെങ്കിൽ പകരം വിദേശിയെ നിയമിക്കരുത്. ജോലിയിൽനിന്ന് ആദ്യത്തെയാളെ ഒഴിവാക്കുന്നതിനുമുേമ്പ പകരക്കാരനെ നിയമിക്കുകയും വേണം.
സ്വദേശിയെ നിയമിച്ചാൽ കുറഞ്ഞത് രണ്ടുവർഷം അയാളെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന രീതിയിൽ ഇൗ നിയമത്തിൽ പരിഷ്കരണം വരുത്തിയിട്ടുണ്ട്.
രണ്ടുവർഷത്തിന് ശേഷം ജോലിയിൽ തുടരണമോ വേണ്ടയോ എന്നത് തൊഴിലുടമയുടെയും തൊഴിലാളിയുടെയും വിശേഷാധികാരത്തിൽപെട്ട കാര്യമാണെന്നും അൽ ഹിനായി പറഞ്ഞു.
സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ഇൗമാസം മുതൽ തുടക്കം കുറിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി നേരത്തേ അറിയിച്ചിരുന്നു. ഉൗർജിത സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി തൊഴിൽ നിയമത്തിൽ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്നും മന്ത്രി സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.