മസ്കത്ത്: തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തൊഴിൽ മന്ത്രി ഡോ. മഹദ് സഈദ് ബൗവൈൻ അവതരിപ്പിച്ച പ്രസ്താവനയെ കുറിച്ച് ശൂറ കൗൺസിൽ ചർച്ച ചെയ്തു. 2025-26 കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ എട്ടാം സിറ്റിങ്ങിന്റെ ഭാഗമായാണ് ചർച്ച നടന്നത്. തൊഴിൽസ്ഥിരത കൈവരിക്കൽ, തൊഴിൽപരിശീലന സംവിധാനം വികസിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു. തൊഴിലന്വേഷകരെ ഉൾക്കൊള്ളുന്നതിലും തൊഴിൽ നഷ്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിലും തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തി അംഗങ്ങൾ വിലയിരുത്തി. തൊഴിൽ വിപണിയിലെ വേഗത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് ഈ പദ്ധതികൾ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും അതിലൂടെ ദീർഘകാല സാമ്പത്തിക -സാമൂഹിക ഫലങ്ങൾ കൈവരിക്കാമെന്നും അഭിപ്രായപ്പെട്ടു.
തൊഴിൽ വിപണിയിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം, തന്ത്രപ്രധാന മുൻകരുതൽ നയങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ അംഗങ്ങൾ ഊന്നിപ്പറഞ്ഞു. സാമ്പത്തിക -സാങ്കേതിക പരിവർത്തനങ്ങൾ കണക്കിലെടുക്കുകയും, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ പൗരന്മാർക്ക് സുസ്ഥിര തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന നയങ്ങളാണ് ആവശ്യമെന്ന് അംഗങ്ങൾ വ്യക്തമാക്കി. സ്വകാര്യ മേഖലയിലാണ് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കണമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
തൊഴിൽ അവസരങ്ങൾ നൽകുന്നതിൽ സാമൂഹിക സുരക്ഷപദ്ധതികളുടെ ഗുണഭോക്താക്കൾക്കും കുറഞ്ഞ വരുമാനമുള്ളവർക്കും മുൻഗണന നൽകണം എന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.
തൊഴിൽ വെല്ലുവിളികൾ നേരിടാൻ വൊക്കേഷനൽ ട്രെയിനിങ് രംഗം സജീവമാക്കണം. സാങ്കേതിക, കൈത്തൊഴിൽ മേഖലകളിലെ തൊഴിൽ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽപരിശീലനം നേടുന്നവരുടെ എണ്ണം ഇപ്പോഴും അപര്യാപ്തമാണെന്ന് കൗൺസിൽ വ്യക്തമാക്കി.
തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനുബന്ധ ഏജൻസികൾ എന്നിവ തമ്മിലുള്ള നിലവിലെ സഹകരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. വിപണി ആവശ്യകതകൾക്കനുസരിച്ച് പഠനവിഭാഗങ്ങളും അക്കാദമിക് പ്രോഗ്രാമുകളും പുതുക്കാനുള്ള വ്യക്തമായ സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ഭാവിയിലെ തൊഴിൽ സാധ്യതകൾ കണക്കാക്കി പുതു തലമുറയെ അതിന് ഒരുക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്ക് നിർണായകമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലി സമ്മേളന നടപടികൾക്ക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.