മസ്കത്ത്: കഴിഞ്ഞ വർഷം ഒമാനിൽ ഗുരുതര അപകടങ്ങളുടെ എണ്ണത്തിൽ കുത്തനെ വർധനവ് രേഖപ്പെടുത്തി. ആകെ അപകടങ്ങളിൽ 54,271 എണ്ണം (72.1%) ചെറിയ അപകടങ്ങളും 20,993 എണ്ണം (27.9%) ഗുരുതര അപകടങ്ങളുമാണ്. 2024നെ അപേക്ഷിച്ച് ഗുരുതര അപകടങ്ങളിൽ 13.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഒമാനിലെ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ്.എസ്.എ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, ഗതാഗത അപകടങ്ങളുടെ എണ്ണം 75,300 ആയി. 2024-ലെ 75,200 അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 0.1 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2025ൽ ഗതാഗത അപകടങ്ങളുമായി ബന്ധപ്പെട്ട് 77,000 ഇൻഷുറൻസ് ക്ലെയിം അപേക്ഷകളാണ് ലഭിച്ചത്. 2024ൽ ഇത് 76,500 ആയിരുന്നു. ഒരു ശതമാനത്തിന്റെ വർധനയാണ് ഇതിൽ രേഖപ്പെടുത്തിയത്.
ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 56,200ൽ നിന്ന് 54,000 ആയി കുറഞ്ഞു. നാലു ശതമാനം ഇടിവ്. അതേസമയം, സ്വത്ത് നാശനഷ്ടം മാത്രമുള്ള ഗുരുതര അപകടങ്ങളുടെ ക്ലെയിമുകൾ 9,900ൽ നിന്ന് ഏകദേശം 11,000 ആയി. 10 ശതമാനം വർധനവാണുണ്ടായത്. പരിക്കുകളും ചികിത്സ ചെലവും ഉൾപ്പെടുന്ന ഗുരുതര അപകടങ്ങളിലെ ക്ലെയിമുകൾ 10,000ൽ നിന്ന് ഏകദേശം 12,000 ആയി ഉയർന്നു (17 ശതമാനം വർധന). മരണവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 333ൽ നിന്ന് 342 ആയി (മൂന്നു ശതമാനം വർധന) രേഖപ്പെടുത്തി.
അതേസമയം, കഴിഞ്ഞവർഷം മൊത്തം നഷ്ടപരിഹാര തുക 79.8 മില്യൻ ഒമാൻ റിയാലായി ഉയർന്നു. 2024ൽ ഇത് 78.7 മില്യൻ റിയാലായിരുന്നു. 1.47 ശതമാനത്തിന്റെ വർധനയാണുണ്ടായത്. നൽകിയ നഷ്ടപരിഹാരവും തീർപ്പുകൽപനയിൽ ഉള്ള ക്ലെയിമുകളും ഇതിൽ ഉൾപ്പെടുന്നു. ചെറിയ അപകടങ്ങൾ കുറയുമ്പോഴും ഗുരുതര അപകടങ്ങൾ വർധിക്കുന്ന പ്രവണതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച്, പരിക്കുകളുമായി ബന്ധപ്പെട്ട ക്ലെയിമുകളും നഷ്ടപരിഹാരവും ഗണ്യമായി ഉയർന്നത് വാഹനാപകടങ്ങളുടെ അപകടസാധ്യതാ സ്വഭാവത്തിൽ മാറ്റം വന്നതായി സൂചിപ്പിക്കുന്നു. അതോടൊപ്പം സാമ്പത്തികഭാരം കൂടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെയും സുരക്ഷിത ഡ്രൈവിങ് സംസ്കാരം വളർത്തുന്നതിന്റെയും ആവശ്യകതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക നഷ്ടം ഇൻഷുറൻസിലൂടെ ഭാഗികമായി നികത്താനാകുമെങ്കിലും ജീവനഷ്ടം മൂലം പ്രിയപ്പെട്ടവർ അനുഭവിക്കുന്ന മാനസിക വേദനക്ക് നഷ്ടപരിഹാര തുക പകരമാവില്ലെന്നതാണ് യാഥാർഥ്യം. സാധുവായ ഇൻഷുറൻസ് പോളിസിയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളാണ് ഇൻഷുറൻസ് കമ്പനികൾ രേഖപ്പെടുത്തുന്നത്. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കൽ, ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്യൽ, സാധുവായ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ സാഹചര്യങ്ങൾ പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനാൽ ഇത്തരം അപകടങ്ങൾ കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.