ജബൽ അഖ്ദർ
മസ്കത്ത്: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ 'ജബൽ അഖ്ദർ സമ്മർ’ പ്രവർത്തനങ്ങളുമായി അധികൃതർ. ജൂലൈ 18 മുതൽ സെപ്റ്റംബർ 14 വരെയായിരിക്കും പരിപാടികൾ നടത്തുക. പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് ബിൻ ഹംദാൻ അൽ ഹജ്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു.
പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. പ്രാദേശിക ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനും വിലായത്തിന്റെ സവിശേഷതയായ ടൂറിസം, പൈതൃകം, പ്രകൃതി ഘടകങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സാംസ്കാരിക, സാമൂഹിക, കായിക, വിനോദ, പൈതൃക, ജനപ്രിയ പരിപാടികൾ ഇതിന്റെ ഭാഗമായി ഒരുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ, സാംസ്കാരിക അടയാളങ്ങൾ എന്നിവിടങ്ങളിൽ പരിപാടികൾ നടത്തും.
ഉൽപാദനക്ഷമതയുള്ള കുടുംബങ്ങൾക്കും എസ്.എം.ഇകൾക്കുമായി ജബൽ അൽ അഖ്ദർ സമ്മറിൽ പങ്കെടുക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനുമായി എക്സിബിഷൻ ഉൾപ്പെടുത്താനും ഗവർണർ താൽപര്യം പ്രകടിപ്പിച്ചു. ജബൽ അഖ്ദർ സമ്മർ രാജ്യത്തുനിന്നും പുറത്തുനിന്നുമായി നിരവധി സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.