ഒമാനി ഇലവനും ഗൂബ്ര ഇന്ത്യന്‍ സ്കൂളിനും കിരീടം

മസ്കത്ത്: ഇന്ത്യയുടെ 68ാം റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി റിപ്പബ്ളിക്ദിന കപ്പിനും അംബാസഡേഴ്സ് കപ്പിനുമായുള്ള ഹോക്കി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പ്രവാസി ഹോക്കി ടീമായ ടീം കൂര്‍ഗും ഫ്രന്‍ഡ്സ് ഓഫ് നഖ്വി ഗ്രൂപ്പും സംയുക്തമായി ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമുതല്‍ നടന്ന മത്സരത്തില്‍ ഒമാനി ഇലവന്‍ റിപ്പബ്ളിക് ദിന കപ്പ് ജേതാക്കളായി. ഗ്രൂബ ഇന്ത്യന്‍ സ്കൂള്‍ ടീമാണ് അംബാസഡേഴ്സ് കപ്പില്‍ കിരീടം ചൂടിയത്.
നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. ടീം കൂര്‍ഗ് മസ്കത്ത്, യു.ടി.എസ്.സി മസ്കത്ത്, ബിയാട്രീസ് ഇലവന്‍, ഒമാനി ഇലവന്‍ എന്നിവയാണ് റിപ്പബ്ളിക് ദിന കപ്പിനായി കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ടീം കൂര്‍ഗ് ബിയാട്രീസ് ഇലവനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ മുന്‍ ദേശീയ താരങ്ങള്‍ അണിനിരന്ന ഒമാനി ഇലവന്‍ യു.ടി.എസ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ഫൈനലില്‍ ഒമാനി ഇലവന്‍ ടീം കൂര്‍ഗിനെ 2-0 എന്ന സ്കോറിന് തോല്‍പിച്ച് കിരീടമുയര്‍ത്തി.
അംബാസഡേഴ്സ് കപ്പില്‍ (ജൂനിയര്‍ കപ്പ്) മുന്‍വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി അഞ്ച് ഇന്ത്യന്‍ സ്കൂള്‍ ടീമുകള്‍ പങ്കെടുത്തു. ആവേശം നിറഞ്ഞ ആദ്യ റൗണ്ടില്‍ മസ്കത്ത് സ്കൂള്‍ വാദി കബീറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ഗൂബ്ര സ്കൂള്‍ മബേലയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കും തോല്‍പിച്ചു. ക്വാര്‍ട്ടറില്‍ മസ്കത്ത് സ്കൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും സെമിയില്‍ സീബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കും തോല്‍പിച്ചാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. അംബാസഡര്‍ ഇലവനുമായി നടന്ന ആവേശംമുറ്റി നിന്ന ഫൈനലില്‍ 1-0 എന്ന സ്കോറിനാണ് ഗൂബ്ര കിരീടമുയര്‍ത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. സിവില്‍ സര്‍വിസസ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹമദ് അല്‍ ഗാഫ്രി, ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ ക്യാപ്റ്റന്‍ താലിബ് ബിന്‍ ഖാമിസ് അല്‍ വഹൈബി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഒമാന്‍ ടീം പരിശീലകനുമായ എസ്.എ.എസ് നഖ്വി, ഒസാമ റാവത്ത്, വിവിധ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും സംബന്ധിച്ചു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ സംഘം ദേശീയഗാനം ആലപിച്ചു. സാലിഹ് താച്ചര്‍ കമന്‍േററ്ററും ഷെറിന്‍ സഹാന അവതാരകയുമായിരുന്നു.

Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.