ആവശ്യക്കാരില്ല, ഏക ചൂരല്‍ ഫര്‍ണിച്ചര്‍ കമ്പനി അടച്ചുപൂട്ടുന്നു

മസ്കത്ത്: ആവശ്യക്കാരില്ലാതായതോടെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചൂരല്‍ ഉല്‍പന്ന നിര്‍മാണശാല അടച്ചുപൂട്ടുന്നു. കസേരയും സോഫയും കട്ടിലും ഊഞ്ഞാലും അലമാരയും ഡൈനിങ് ടേബിള്‍ സെറ്റുമടക്കമുള്ള നിരവധി ഉല്‍പന്നങ്ങള്‍ ചൂരല്‍കൊണ്ട് നിര്‍മിച്ച് വിതരണം നടത്തിയിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടുന്നത്. 
30 വര്‍ഷം മുമ്പ്  സാബ്കോ സെന്‍ററില്‍ ആരംഭിച്ച അല്‍തായ് ജനറല്‍ സപൈ്ളസ് നിലവില്‍ ഈ രംഗത്തുള്ള ഏക സ്ഥാപനമാണ്്. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥാപനം വന്‍ നഷ്ടത്തിലാണെന്ന് 1999 മുതല്‍ സ്ഥാപനം നടത്തിവരുന്ന മാഹി സ്വദേശി നിസാര്‍ ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. 
ഇനി വര്‍ക്ഷോപ് മാത്രമാണ് അടച്ചുപൂട്ടാനുള്ളത്. ഇതിന്‍െറ ഭാഗമായി വര്‍ക്ഷോപ്പിലെ ജീവനക്കാരെ മൂഴുവന്‍ ഒഴിവാക്കിക്കഴിഞ്ഞു. 1985 ലാണ് ഖുറം സാബ്കോ സെന്‍ററില്‍ ചുരല്‍ ഉല്‍പന്നങ്ങളുടെ ഷോറൂം ആരംഭിക്കുന്നത്. അക്കാലത്ത് ദുബൈയില്‍നിന്നാണ് ചൂരല്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവന്നിരുന്നതെന്ന് അന്ന് മാനേജറായിരുന്ന നിസാര്‍ പറയുന്നു. 1989ലാണ് ഖുറമില്‍ നിര്‍മാണശാല ആരംഭിക്കുന്നത്. മലേഷ്യയില്‍നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഇതിന് വേണ്ട ചൂരല്‍ കൊണ്ടുവന്നിരുന്നത്. മലേഷ്യന്‍ ചൂരലിന്  ഗുണനിലവാരം കൂടുതലുള്ളതിനാല്‍ കൂടുതല്‍ അവിടെനിന്നായിരുന്നു ഇറക്കിയിരുന്നത്. 
ആന്തമാന്‍, അസം, കേരള അതിര്‍ത്തി എന്നിവിടങ്ങളില്‍നിന്ന് വരുന്ന ചൂരലുകള്‍ മുംബൈ വഴിയാണ് ഒമാനിലത്തെിയിരുന്നത്. അക്കാലത്ത് മറ്റൊരു ചൂരല്‍ ഉല്‍പന്ന നിര്‍മാണശാല ഒമാനിലുണ്ടായിരുന്നു. എന്നാല്‍ അത് 90 കളില്‍ തന്നെ പൂട്ടി. 
ആദ്യകാലങ്ങളില്‍ ചൂരല്‍ ഉല്‍പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. യൂറോപ്യന്മാര്‍, പ്രത്യേകിച്ച് യുവാക്കളായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. ഓര്‍ഡര്‍ അനുസരിച്ചാണ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. 
കൂടാതെഏ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട്, ഡിഫന്‍സ് ക്ളബ് എന്നിവക്കും മേശയും കസേരയും ഉണ്ടാക്കി നല്‍കിയിരുന്നു. പിന്നീട് അല്‍ വദീ കമേഴ്സ്യല്‍ സെന്‍ററിലേക്ക് ഷോറൂം മാറ്റുകയായിരുന്നു. ആവശ്യക്കാര്‍ തീരെ കുറഞ്ഞതോടെ 1995ല്‍ ഷോറൂം പൂട്ടി. 1999ല്‍ സ്പോണ്‍സര്‍ മരിച്ചതോടെ ചുരല്‍ കമ്പനി പൂട്ടാന്‍ ഒരുങ്ങിയിരുന്നു. 
എന്നാല്‍, അന്ന് മാനേജറായിരുന്ന നിസാര്‍ കമ്പനി ഏറ്റെടുത്തതുകൊണ്ടാണ് 17 വര്‍ഷം ആയുസ്സ് നീട്ടിക്കിട്ടിയത്. പിന്നീട് ഖുറമില്‍നിന്ന് വര്‍ക്ഷോപ്പ് അല്‍ അന്‍സാബിലേക്ക് മാറ്റി. ഇവിടെ ഒമാനികള്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ചൂരല്‍ വടികളും മറ്റും നിര്‍മിച്ച് നല്‍കിയിരുന്നു. 
ചൂരല്‍ കസേരകളും സോഫാ സെറ്റും മറ്റും യൂറോപ്യര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അക്കാലത്ത് പി.ഡി.ഒയില്‍ ജോലി ചെയ്തിരുന്ന നിരവധി യൂറോപ്യര്‍ ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. 
ഈ വിഭാഗത്തിലെ പലരും രാജ്യംവിട്ടതോടെയാണ് ഇത്തരം ഉല്‍പന്നങ്ങളുടെ ശനിദശ ആരംഭിച്ചത്. സ്വദേശികള്‍ക്ക് ചൂരല്‍ ഉല്‍പന്നങ്ങളോട് വലിയ താല്‍പര്യമില്ല. 

Tags:    
News Summary - Furniture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.