മസ്കത്ത്: രാജ്യത്ത് ശൈത്യകാലത്തിന്റെ വരവോടെ ആളുകളിൽ പനി, ശ്വാസകോശ അണുബാധ എന്നിവ വർധിക്കുന്നു. ഒക്ടോബർ ആദ്യവാരത്തെ അപേക്ഷിച്ച് കേസുകളിൽ ഗണ്യമായ വർധനയുണ്ടായതായും ജനങ്ങൾ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം ഈ വർഷം പനി ബാധിതരുടെ എണ്ണം മുൻവർഷങ്ങളെക്കാൾ പ്രത്യേകിച്ച് ശൈത്യകാലത്തും സ്കൂൾ പഠനകാലത്തും പ്രതീക്ഷിക്കാമെന്ന് റോയൽ ഹോസ്പിറ്റലിലെ അണുബാധരോഗ യൂനിറ്റ് മേധാവി ഡോ. ഫരിയാൽ അൽ ലവാതി പറഞ്ഞു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പനി പടരാതിരിക്കാൻ സ്കൂളുകൾ അടച്ചിടുകയോ ജോലി സ്ഥലങ്ങൾ അടച്ചിടേണ്ടിവരികയോ പോലുള്ള നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും അവർ പറഞ്ഞു.
പനി പടരുന്നത് തടയാൻ ഫ്ലൂ പ്രതിരോധ വാക്സിനേഷൻ ഇപ്പോഴും ഏറ്റവും ഫലപ്രദമായ സംരക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ നന്നായി കഴുകുക, അസുഖബാധിതരുമായി അടുത്ത ബന്ധം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു.
ഒമാനിൽ പനി സാധാരണയായി വർഷത്തിൽ രണ്ടു തവണയാണ് പരമാവധി നിലയിലെത്താറുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയും തുടർന്ന് മാർച്ച് മുതൽ മേയ് വരെയും. ജൂൺ മുതൽ പനി കേസുകൾ കുറഞ്ഞുതുടങ്ങും. ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിവാര സാമ്പിളുകൾ ശേഖരിച്ച് വൈറസ് വ്യാപനം നിരീക്ഷിക്കുകയും മാറ്റങ്ങൾ വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. സ്കൂളുകളിൽ വൈറസ് ബാധക്ക് സാധ്യതയുള്ളതിനാൽ സ്കൂൾ അധികൃതർ ജാഗ്രത പുലർത്തണം. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യസ്ഥാപനങ്ങൾ നിരീക്ഷണവും ബോധവത്കരണ കാമ്പയിനുകളും ശക്തമാക്കിയിട്ടുണ്ട്.
ശൈത്യകാലത്ത് ഒരാൾക്ക് ഒരു വൈറസിൽ നിന്ന് സുഖം പ്രാപിച്ചതിനു പിന്നാലെ മറ്റൊരു വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും, വൈവിധ്യമാർന്ന ശ്വാസകോശ വൈറസുകളുടെ സാന്നിധ്യം തുടർച്ചയായ രോഗബാധക്ക് കാരണമാകാം. ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കുകയാണ് പ്രധാന പ്രതിരോധ മാർഗങ്ങളിലൊന്ന്. തുടർച്ചയായി രോഗബാധ അനുഭവിക്കുന്നവർക്ക് വാക്സിനേഷൻ ഏറെ സഹായകരമാണെന്നും ലക്ഷണങ്ങൾ ഗുരുതരമാകുകയോ കൂടുതൽ ദിവസം നീളുയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കണമെന്നും ഡോ. ഫരിയാൽ പറഞ്ഞു.ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ, മുതിർന്നവർ, ദീർഘകാല രോഗങ്ങൾ ഉള്ളവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾ വേഗത്തിൽ സീസനൽ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.