മസ്കത്ത്: 300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക് അപേക്ഷിക്കാം. നിലവിൽ 600 റിയാൽ ആയിരുന്നു കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി. പകുതിയോളം കുറവുവരുത്തിയുള്ള നിയമ ഭേദഗതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് വക്താവിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഒാഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.
കുടുംബത്തെ കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി 300 റിയാലായി കുറച്ചതായി ശൂറ കൗൺസിൽ അംഗം സുൽത്താൻ ബിൻ മാജിദ് അൽ അബ്രിയും അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദി’െൻറ ഭാഗമായി ശൂറാ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. നിർദേശത്തോട് പൊതുജന താൽപര്യം മുൻ നിർത്തി വേഗത്തിൽ പ്രതികരിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അൽ അബ്രി പറഞ്ഞു.
2013 ആഗസ്റ്റിലാണ് കുടുംബവിസക്ക് ചുരുങ്ങിയത് 600 റിയാൽ ശമ്പളം വേണമെന്ന നിയമം നിലവിൽ വന്നത്. മന്ത്രിസഭ കൗൺസിൽ രൂപം നൽകിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഇൗ വേതന പരിധി നിശ്ചയിച്ചത്. നിയമത്തിൽ ഇളവുവരുത്തണമെന്ന് തുടർന്ന് വിവിധ സമയങ്ങളിലായി ആവശ്യമുയർന്നിരുന്നു.
ശമ്പള പരിധി സംബന്ധിച്ച് പുനരവലോകനം നടത്തണമെന്ന് കഴിഞ്ഞ വർഷം അവസാനവും മജ്ലിസുശൂറ ആവശ്യപ്പെട്ടിരുന്നു.
ശമ്പളപരിധി കുറച്ചാൽ കൂടുതൽ പേർ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുമെന്നും ഇതുവഴി രാജ്യത്തിന് അകത്ത് കൂടുതൽ തുക ചെലവഴിക്കപ്പെടുമെന്നുമായിരുന്നു ശൂറയുടെ നിരീക്ഷണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നിയമത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു ഇൗ വർഷം ജനുവരിയിൽ ആർ.ഒ.പി നൽകിയ മറുപടി. എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ‘തൻഫീദ്’ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കുടുംബവിസ പരിധി കുറക്കുന്നത് സജീവ ചർച്ചയായിരുന്നു.
ചർച്ചകൾക്കും ഉൗഹാപോഹങ്ങൾക്കും വിരാമമിട്ടുള്ള സർക്കാർ തീരുമാനം സമ്പദ്വ്യവസ്ഥക്ക് പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമായി ഭവിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എണ്ണ വിലയിടിവിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവർ മടങ്ങിയതിനെ തുടർന്നും മറ്റും നിരവധി ഫ്ലാറ്റുകളാണ് മസ്കത്തിലടക്കം ഒഴിഞ്ഞുകിടക്കുന്നത്. ആനുകൂല്യങ്ങൾ ഇല്ലാതായതോടെ ചെലവുചുരുക്കലിെൻറ ഭാഗമായി നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുമുണ്ട്. പഴയ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നതിന് ഒപ്പം നിരവധി പുതിയ കെട്ടിട സമുച്ചയങ്ങളും മസ്കത്തിൽ ഉയർന്നുവരുന്നുണ്ട്. ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് പലതിെൻറയും നിർമാണം. പൂർത്തിയായ കെട്ടിടങ്ങളിൽ താമസക്കാർ ഇല്ലാതായതോടെ വായ്പ തിരിച്ചടവുകളും മുടങ്ങിയതായി വാർത്തകളുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലക്ക് ഒപ്പം റീെട്ടയിൽ, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ ഉണർവിനും സർക്കാർ തീരുമാനം വഴിവെക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കച്ചവടകുറവ് വ്യാപാര മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.