മസ്കത്ത്: ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നതിൽ ഒമാനിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളിൽ ആശങ്ക. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾ അടക്കം നിർത്തിവെക്കുമോ എന്ന ആശങ്കയാണ് പലർക്കുമുള്ളത്. നേരത്തെ കോവിഡ് നിരക്ക് വർധിച്ച പത്ത് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഫെബ്രുവരി 25 മുതൽ ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സുഡാൻ, ബ്രസീൽ, താൻസാനിയ, ലബനാൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിലുണ്ട്. ഇന്ത്യയിൽ പോസിറ്റിവ് നിരക്ക് കൂടുകയാണെങ്കിൽ വിമാന സർവിസുകൾ നിലക്കുമെന്ന ആശങ്കയിലാണ് പലരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വളരെ അത്യാവശ്യത്തിന് മാത്രമായിരിക്കണമെന്ന് പൗരന്മാർക്ക് ഒമാൻ എംബസി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ കൊറോണ പ്രതിസന്ധി മൂലം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരുന്നു. എന്നാൽ, വിമാനത്താവളം അടക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്ക് വരുമോ എന്ന പേടിയിലാണ് പലരും. കഴിഞ്ഞ വർഷം വിമാനത്താവളം അടച്ചിട്ടത് നിരവധി പേർക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒമാൻ അധികൃതർ കൈക്കൊള്ളുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളം അടക്കുകയാണെങ്കിൽ വർഷത്തിലധികമായി നാട്ടിൽ പോവാൻ കഴിയാത്തവരുടെ യാത്ര മുടങ്ങും. കോവിഡ് പ്രതിസന്ധിക്ക് ശേഷം നാട്ടിൽ േപാവാൻ കഴിയാത്ത നിരവധി പ്രവാസികൾ റമദാൻ അവസാനത്തോടെ വീട്ടിലെത്തി പെരുന്നാൾ ആഘോഷിക്കാമെന്ന് കരുതി കാത്തിരിക്കുന്നവരാണ്. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് ഒമാനിലുണ്ടായിരുന്ന പലരും വിമാന സർവിസുകൾ ആരംഭിച്ചതോടെ നാടണഞ്ഞു.
എന്നാൽ, സാമ്പത്തിക പ്രയാസമടക്കം കാരണമായി നിരവധി പേർ യാത്ര നീട്ടിവെക്കുകയായിരുന്നു. അതിനിടെ നാട്ടിലെ കോവിഡ് നിയന്ത്രണങ്ങളും പ്രവാസികളോടുള്ള പ്രേത്യക സമീപനവുമൊക്കെ യാത്ര നീളാൻ കാരണമായി. പിന്നീട് കാര്യങ്ങൾ നേരെയാവാൻ തുടങ്ങിയതോടെ കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉയർന്നത് പലരുടെയും യാത്ര മുടക്കി.
കഴിഞ്ഞ ഡിസംബറിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വൺവേക്ക് 150 റിയാൽ വരെ എത്തിയിരുന്നു. ഇൗ വർഷം ആദ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെട്ട് വരുകയും യാത്രക്ക് തയാറെടുക്കുകയും ചെയ്യുന്നതിനിടയിലാണ് കോവിഡിെൻറ രണ്ടാം വരവുണ്ടായത്. പിന്നീട് ഒമാനിലേക്ക് വരുന്നവർക്കുള്ള നിയന്ത്രണങ്ങൾ ഒമാൻ സർക്കാർ കടുപ്പിക്കുകയും പി.സി.ആർ ടെസറ്റ് അടക്കം നിർബന്ധമാക്കുകയും ചെയ്തു. ഇനി വിമാന സർവിസുകൾകൂടി നിലക്കുമെന്ന ഭീതിയിലാണ് ഏവരെയും അലട്ടുന്നത്. അതിനിടെ ശനിയാഴച പുറത്തുവന്ന ഇന്ത്യയിലെ ഒമാൻ എംബസിയുടെ നിർദേശവും ആശങ്ക വർധിപ്പിക്കുന്നതാണ്.
നിലവിൽ നീണ്ടകാലമായി കുടുംബത്തെയും അടുത്ത ബന്ധുക്കളെയും കാണാത്തതിൽ മാനസിക പ്രയാസം അനുഭവിക്കുന്ന നിരവധി പേരുണ്ട് ഒമാനിൽ. വിമാന സർവിസുകൾ നിലക്കുകയാണെങ്കിൽ ഇത്തരക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. അതിനാൽ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം കുറയണമെന്ന് ആശിക്കുകയാണ് പ്രവാസി മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.