മസ്കത്ത്: പെരുന്നാൾ അവധിക്കൊപ്പമെത്തിയ വാരാന്ത്യ അവധിദിനങ്ങൾക്കുശേഷം രാജ്യം ഇന്നുമുതൽ സാധാരണ ഗതിയിലേക്ക്. മന്ത്രാലയങ്ങളും സർക്കാർ സ്ഥാപങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് മുതൽ സജീവമാവും. റമദാനിൽ പ്രവൃത്തി സമയം കുറച്ചതും പൊതുജനങ്ങൾ പൊതുവെ സന്ദർശനം കുറച്ചതും ഒരു മാസമായി ഇത്തരം സ്ഥാപനങ്ങളുടെ സജീവത കുറച്ചിരുന്നു. പലരും ആവശ്യങ്ങൾ പലതും റമദാൻ കഴിയുന്നത് വരെ മാറ്റിവെച്ചിരുന്നു. എന്നാൽ, ഇന്നുമുതൽ എല്ലാ സ്ഥാപനങ്ങളും സജീവമായി തിരക്ക് വർധിക്കും. അവധിയാഘോഷിക്കാൻ പോയവർ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരിച്ചെത്തി. നിരവധി പേരാണ് സലാലയിലും ദുബൈയിലും പോയത്. കടുത്ത ചൂട് മൂലം അവധി ദിനങ്ങളിൽ വീടുകളിൽതന്നെ ഒതുങ്ങിക്കൂടിയവരുമുണ്ട്.
ഈ അവധിക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് സലാലയിലാണ്. മലയാളി കുടുംബങ്ങളടക്കം പെരുന്നാൾ ദിവസമായ തിങ്കളാഴ്ച നമസ്കാരത്തിന്ശേഷവും പിറ്റേ ദിവസവും ഒക്കെയായി സലാലക്ക് പുറപ്പെട്ട് വെള്ളി, ശനി ദിവസങ്ങളിലായാണ് തിരിച്ചെത്തിയത്. മഴ ആസ്വദിക്കാമെന്ന പ്രതീക്ഷയിൽ പോയ പലരും പക്ഷേ, നിരാശരായാണ് മടങ്ങിയത്. ജൂൺ21 മുതൽ സീസൺ ആരംഭിച്ചിരുന്നെങ്കിലും സലാല ടൗൺ അടക്കം പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചത് വെള്ളിയാഴ്ച മാത്രമാണ്. സലാല ടൂറിസം ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ദോഫാറിൽ രണ്ടിരട്ടിയിലധികം സന്ദർശകരാണ് ഇക്കുറിയെത്തിയത്.
വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 29,798 ആളുകളാണ് ദോഫാറിൽ എത്തിയത്. കഴിഞ്ഞ വർഷം ഇത് 12,336 ആയിരുന്നു. മസ്കത്തിൽനിന്നുള്ള ബസുകൾ നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതിനാൽ അവസാനം യാത്ര നിശ്ചയിച്ച പലർക്കും യാത്ര ചെയ്യാൻ കഴിഞ്ഞില്ല. എല്ലാ ഗതാഗത കമ്പനികളും അധിക ബസുകൾ നിരത്തിലിറക്കിയാണ് തിരക്ക് പരിഹരിച്ചത്. മുവാസലാത്തും പ്രതിദിന സർവീസിെൻറ എണ്ണം നാലായി ഉയർത്തിയിരുന്നു. എന്നിട്ടും നിരവധി പേർക്ക് നിരാശരാകേണ്ടിവന്നു. സ്വന്തം വാഹനമുപയോഗിച്ചും കുടുംബങ്ങളടക്കം നിരവധി പേർ സലാലയിലെത്തി. സലാലയിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. സലാം എയർ അടക്കം വിമാനക്കമ്പനികൾ അധിക സർവിസ് ഏർപ്പെടുത്തിയതും യാത്രക്കാർക്ക് ഉപകാരപ്രദമായി.
ദോഫാറിലേക്കുള്ള റോഡുകളിൽനിന്ന് കാര്യമായ അപകട വാർത്തകളൊന്നും കേൾക്കാതെയാണ് ചെറിയ പെരുന്നാൾ അവധിക്കാലം കടന്നുപോയത്. ദോഫാർ
ഗവർണറുടെ നേതൃത്തിൽ ഉന്നതതല സമിതി നിരവധി തവണ യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. യാത്രക്കാർക്കുവേണ്ട ബോധവത്കരണം നടത്തുകയും എല്ലാ മേഖലകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. അപകടം പതിയിരിക്കുന്ന ആദം തുംറൈത്ത് ഹൈവേയിൽ പൊലീസിെൻറ റോന്ത് ചുറ്റലും ശക്തമാക്കിയിരുന്നു. രാജ്യത്തിെൻറ മറ്റിടങ്ങളിൽനിന്ന് അപകട വാർത്തകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവധിയുടെ സന്തോഷങ്ങൾക്ക് മങ്ങലേൽക്കുന്ന അപകട വാർത്തകൾ ഒഴിവായതിലുള്ള ആശ്വാസത്തിലാണ് അധികൃതരും പൊതുജനങ്ങളും. നിയമങ്ങൾ ശക്തമാക്കിയതും പരിശോധന ശക്തമായതും അപകടങ്ങൾ കുറയാൻ കാരണമാക്കിയിട്ടുണ്ട്. മുൻ കാലങ്ങളിൽ പല അവധിയാഘോഷങ്ങളും ദുരന്ത വാർത്തകളിലാണ് അവസാനിച്ചിരുന്നത്.
അനുകൂല കാലാവസ്ഥയുള്ള മസീറ ദ്വീപ് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. മസീറ ദ്വീപിൽ പകൽ സമയങ്ങൾ 30 ഡിഗ്രിക്കും 32 ഡിഗ്രിക്കുമിടയിൽ ചൂടാണ് അനുഭവപ്പെട്ടത്. രാത്രി തണുത്ത കാലാവസ്ഥയുമാണ്. മലയാളികളും സ്വദേശികളുമടക്കം നിരവധിപേരാണ് മസീറയിൽ അവധിയാഘോഷിക്കാൻ എത്തിയത്.
കടുത്ത വേനൽചൂടിൽനിന്ന് ആശ്വാസം തേടി വാദി ബനീ ഖാലിദ്, ജബൽ അഖ്ദർ, ജബൽശംസ് എന്നിവിടങ്ങളിൽ എത്തിയതും ധാരാളം പേരാണ്. വാദി ബനീ ഖാലിദിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ എത്തിയത് 13000ത്തിലധികം പേരാണ്. റാസ് അൽ ജിൻസ്, വാദി ശാബ് തുടങ്ങിയ സ്ഥലങ്ങളിലും വിദേശികളടക്കമുള്ളവർ എത്തി. മുങ്ങി മരണങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ സുരക്ഷാ, ബോധവത്കരണ നടപടികൾ ഏർപ്പെടുത്തിയതും സഞ്ചാരികൾക്ക് ഉപകാരപ്രദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.