സുപ്രീം കമ്മിറ്റിയംഗങ്ങൾ ജോയൻറ് ഓപറേഷൻസ് കേന്ദ്രം സന്ദർശിച്ചപ്പോൾ
മസ്കത്ത്: സമ്പൂർണ ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയൻറ് ഓപറേഷൻ സെൻറർ പ്രവർത്തനസജ്ജമായി. റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ റിസോഴ്സ് വിഭാഗങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് ജോയിൻറ് ഓപറേഷൻസ് സെൻറർ. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവർക്ക് 1099 എന്ന നമ്പറിൽ വിളിച്ചാൽ ഓപറേഷൻ സെൻററുമായി
ബന്ധപ്പെടാൻ സാധിക്കും. ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു. പോകുന്നവരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ വിളിക്കാനും ഒരാൾക്ക് പോകാൻ അനുമതിയുണ്ടായിരിക്കും. ഇതിന് യാത്രാരേഖകൾ കാണിച്ചാൽ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ കോവിഡ് പരിശോധന കേന്ദ്രവും ലോക്ഡൗൺ കാലയളവിൽ പ്രവർത്തിക്കും. ഇവിടെ യാത്രക്കാർ യാത്രാരേഖകൾ നൽകണം. പരിശോധനക്ക് യാത്രക്കാരെ അനുഗമിക്കുന്നവർ ജോയിൻറ് ഓപറേഷൻസ് സെൻററിൽ നിന്നുള്ള അനുമതി വാങ്ങിയിരിക്കുകയും വേണം. ചൊവ്വാഴ്ച സുപ്രീം കമ്മിറ്റി അംഗങ്ങൾ ജോയിൻറ് ഓപറേഷൻസ് സെൻറർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ലോക്ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി അംഗങ്ങൾ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.