മസ്കത്ത്: പ്രളയദുരിതത്തിൽനിന്ന് നാടിനെ കരകയറ്റുന്നതിനുള്ള പരിശ്രമങ്ങളിൽ ഭാഗമാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി പ്രവാസി മലയാളിയും. സുവൈഖിൽ ഇലക്ട്രീഷ്യനായ തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവ് ആണ് നാലു സെൻറ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനൊരുങ്ങുന്നത്. ശ്രീകാര്യം പൗഡിക്കോണത്ത് ഭാര്യക്ക് കുടുംബ വിഹിതമായി ലഭിച്ച സ്ഥലമാണ് നൽകുക. നാളെ ഉച്ചക്ക് ഒരുമണിക്ക് ഇന്ത്യൻ സോഷ്യൽക്ലബ് കേരള വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ഖാബൂറ സനാഇയയിൽ നടക്കുന്ന പരിപാടിയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിറിന് ഇതുസംബന്ധിച്ച സമ്മതപ്പത്രം കൈമാറും.
കഴിഞ്ഞ 25 വർഷമായി രാജീവ് ഒമാനിലുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സ്ഥലത്ത് പ്രളയം എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുവെച്ച് താമസിക്കുന്നതിന് സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജീവ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസ ജീവിതത്തിെൻറ തുടക്കം മുതൽ ബുദ്ധിമുട്ട് അറിഞ്ഞാണ് ജീവിക്കുന്നത്. കാര്യമായ സമ്പാദ്യങ്ങളുമില്ല. ആര്യനാട് കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്തെ കൊച്ചുവീട് മാത്രമാണ് സമ്പാദ്യം. ബാധ്യതകൾ ഇന്നും വിെട്ടാഴിഞ്ഞിട്ടുമില്ല. എന്നിരുന്നാലും പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവരെ കുറിച്ച വാർത്തകൾ വായിച്ചപ്പോൾ അവരുടെ ദുരിതമകറ്റാൻ തന്നാൽ കഴിയുംവിധം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. സ്ഥലം നൽകുന്നതിനുള്ള തീരുമാനത്തിന് ഭാര്യയും മറ്റു കുടുംബാംഗങ്ങളും സർവ പിന്തുണയും നൽകിയതായി രാജീവ് പറഞ്ഞു. സ്ഥലം നൽകുന്നതിനുള്ള തീരുമാനം കേരള വിഭാഗം നേതൃത്വം മുഖേനയാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.