മന്ത്രിസഭാ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായി ഇസെസ്കോ ഡയറക്ടർ ജനറൽ ഡോ. സലിം മുഹമ്മദ് അൽ മാലിക്കി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഇസ്ലാമിക് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഇസെസ്കോ) ഡയറക്ടർ ജനറൽ ഡോ. സലിം മുഹമ്മദ് അൽ മാലിക്കി സുൽത്താന്റെ പ്രതിനിധിയും മന്ത്രിസഭാ ഉപപ്രധാനമന്ത്രിയുമായ സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി.
അതിഥിയെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത സയ്യിദ് ഫഹദ്, വിദ്യാഭ്യാസം, സാംസ്കാരികം, മാനുഷിക, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ നിലവാരം ഉയർത്താനുള്ള ‘ഇസെസ്കോ’യുടെ ശ്രമങ്ങളെ സയ്യിദ് ഫഹദ് ഒമാന്റെ അഭിനന്ദനം അറിയിച്ചു. ഓർഗനൈസേഷന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ ഒമാന്റെ തുടർച്ചയായ പിന്തുണയും രാജ്യത്തിന്റെ സുസ്ഥിര വികസനങ്ങളെ കുറിച്ചും സംസാരിച്ചു. വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ സർക്കാർ വലിയ ശ്രദ്ധ ചെലുത്തുന്നുവെന്നും അവ വികസനത്തിന്റെ പ്രധാന തൂണുകളായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ കൈവരിച്ച നേട്ടങ്ങളെയും ഇസെസ്കോയെ പിന്തുണക്കുന്നതിൽ ഒമാന്റെ ക്രിയാത്മകമായ പങ്കിനെയും ഡോ. സലിം മുഹമ്മദ് അൽ മാലിക്കി അഭിനന്ദിച്ചു. നാഗരികതകൾക്കിടയിൽ സംവാദവും സാംസ്കാരിക സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒമാൻ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസിന്റെ (ഒ.എൻ.സി.ഇ.സി.എസ്) പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഒ.എൻ.സി.ഇ.സി.എസ് ചെയർപേഴ്സനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ, ഒ.എൻ.സി.ഇ.സി.എസ് സെക്രട്ടറി ജനറൽ അംന ബിൻത് സലിം അൽ ബലൂഷി, ഇസെസ്കോയിലെ സെന്റർ ഫോർ സിവിലൈസേഷൻ ഡയലോഗ് ഡയറക്ടർ അംബാസഡർ ഖാലിദ് ഫത്തേഹ് അൽ റഹ്മാൻ, ഇസെസ്കോയിലെ നാഷനൽ കമ്മിറ്റികളുടെ പ്രോഗ്രാം ഡയറക്ടർ ഡോ.സലിം ബിൻ ഹിലാൽ അൽ ഹബ്സി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.