ക്രൂസ് സീസൺ വരുന്നൂ; ടൂറിസം മേഖലക്ക് കുതിപ്പേകും
മസ്കത്ത്: രാജ്യത്തെ ടൂറിസം രംഗത്തിന് ഉണർവേകി ക്രൂസ് സീസൺ വരുന്നു. ഒക്ടോബർ അവസാനത്തോടെയാണ് ലോകതലത്തിൽ ക്രൂസ് സീസണിന് തുടക്കമാകുന്നത്. ഈ സമയത്തുതന്നെ സുൽത്താനേറ്റിലും ആഡംബര കപ്പലുകൾ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ ക്രൂസ് മേഖലയിൽ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല. എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വരാൻ പോകുന്നത്.
അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണു ന്നത്. ആദ്യ കപ്പലായ മെയ് ഷിഫ് ഈ മാസം 28ന് ഒമാനിലെത്തും. 2,700 സഞ്ചാരികളാണ് ഇതിലുണ്ടാവുക. 2,500 യാത്രക്കാരുമായി നവംബർ മൂന്നിന് ഐഡബെല്ലയും പത്തിന് 930 യാത്രക്കാരുമായി വൈക്കിങ് മാർസും എത്തും. ഒമാനിൽ എത്തുന്ന കപ്പലുകൾ സുൽത്താൻ ഖാബൂസ് പോർട്ട്, സലാല, ഖസബ് എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടും. 2019ൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആകെ 6,60,295 വിനോദസഞ്ചാരികളുമായി 163 ക്രൂസ് കപ്പലുകളാണ് എത്തിയത്. 2020ൽ ഇവിടെ 66 ക്രൂസ് കപ്പലുകളാണ് വന്നത്. ഇതിലൂടെ 2,63,587 സഞ്ചാരികൾ ലഭിക്കുകയും ചെയ്തു.
2019ൽ 1,36,984 വിനോദസഞ്ചാരികളുള്ള 70 ക്രൂസ് കപ്പലുകൾ ഖസബ് തുറമുഖത്തിന് ലഭിച്ചു. 2020ൽ 31 ക്രൂസ് കപ്പലുകളാണ് വന്നത്. 1,25,110 വിനോദസഞ്ചാരികൾ എത്തുകയും ചെയ്തു. 2020ൽ നാല് ക്രൂസ് കപ്പലുകൾ മാത്രമാണ് സലാല തുറമുഖത്ത് എത്തിയത്.
എന്നാൽ, 69,060 വിനോദസഞ്ചാരികളുമായി 45 ക്രൂസ് കപ്പലുകളാണ് 2019ൽ എത്തിയത്. കോവിഡിന് മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല ഈ വർഷമെത്തുമെന്ന് ഏറ്റവും വലിയ ക്രൂസ് ഇൻഡസ്ട്രി ട്രേഡ് അസോസിയേഷനായ ക്രൂസ് ലൈൻ ഇന്റർനാഷനൽ അസോസിയേഷന്റെ റിപ്പോർട്ട് പറയുന്നു.
ലോകമെമ്പാടുമുള്ള 100ലധികം മാർക്കറ്റുകൾ ആഡംബര കപ്പലുകൾക്കായി വീണ്ടും തുറന്നിട്ടുണ്ടെന്നും മിക്ക ക്രൂസ് കപ്പലുകളും സർവിസ് ആരംഭിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്തവർഷത്തോടെ കോവിഡിന് മുമ്പുള്ള തലത്തിലേക്ക് ക്രൂസ് മേഖല തിരിച്ചെത്തുമെന്നാണ് കരുതുന്നത്. നിരവധി സഞ്ചാരികൾ യാത്ര ചെയ്യാൻ തയാറായി വരുന്നത് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികളുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തിയിരുന്നു. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽനിന്നുള്ള ക്യൂൻ എലിസബത്ത് ആഡംബര കപ്പലിൽ 1,651 വിനോദസഞ്ചാരികളാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.