പ്രവാചകസ്നേഹം സുന്നത്ത് പിന്തുടരുന്നതിലാണെന്ന് ഷെയ്ഖ് ജമീൽ അൽ ബുസൈദി
മസ്‌കത്ത്: നബിയോടുള്ള സ്നേഹം അവിടുത്തെ സുന്നത്ത് പിന്തുടരുന്നതിലാണെന്നും വലിയ ആഘോഷങ്ങളോ ചടങ്ങുകളോ സംഘടിപ്പിക്കുന്നതിലല്ലെന്നും ഒമാനി പൗര പ്രമുഖൻ ഷെയ്ഖ് ജമീൽ അൽ ബുസൈദി പറഞ്ഞു. മബേല ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി ഖുർആൻ മദ്റസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വർഷവും ഈ ദിവസം ഒത്തുകൂടുന്നത് നബിയോടുള്ള സ്നേഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സർവോത്തമനായ പ്രവാചകന്റെ ഓർമ പുതുക്കാനും, അന്ത്യപ്രവാചകനും ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനുമാണ് നബിയെന്ന് ഓർമിക്കാനുമാണ് ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബികളും അനറബികളും തമ്മിലുള്ള വ്യത്യാസം ദൈവഭയം മാത്രമാണെന്നും അല്ലാഹുവിങ്കൽ സ്വീകാര്യമായതും അതുതന്നെയാണെന്നും ഷെയ്ഖ് ജമീൽ ഓർമിപ്പിച്ചു. ‘സമ്മിലൂനി 2026’ എന്ന പേരിൽ മബേല ഗൾഫ് കോളേജ് ഓഡിറ്റോറിയത്തിലാണ് മീലാദ് സംഗമം നടന്നത്. മദ്റസ വിദ്യാർഥികളുടെ ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. വിവിധ മത്സരങ്ങളിലും സമസ്ത പൊതുപരീക്ഷകളിലും വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
മസ്‌കത്ത് കെഎംസിസി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം പരിപാടി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പോയിക്കര അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ മുസ്തഫ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. മബേല ഏരിയ കെഎംസിസി പ്രസിഡന്റ് യഅ്കൂബ് തിരൂർ ഉപഹാര സമർപ്പണം നിർവഹിച്ചു. മബേല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ കോട്ടക്കൽ, സംഘാടക സമിതി രക്ഷാധികാരി ഇബ്രാഹിം മാടന്നൂർ, ഖാലിദ് കുന്നുമ്മൽ, എം.ടി. അബൂബക്കർ, ഷാനവാസ് മൂവാറ്റുപുഴ, ടി.പി. മുനീർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മൻസൂർ പുകോട്ടൂർ സ്വാഗതവും മബേല ഏരിയ കെഎംസിസി ട്രഷറർ അറാഫാത്ത് എസ്.വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.