സഞ്ചാരികളുടെ പ്രിയപ്പെട്ട ഐൻ അഥൂം വെള്ളച്ചാട്ടത്തിൽ ജലപ്രവാഹം; ഖരീഫ് അനുഭൂതി തേടി ഒമാനിലേക്ക് ഒഴുക്ക്

സലാല: ദോഫാർ ഗവർണറേറ്റിൽ ഖരീഫ് മഴയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഐൻ അഥൂം വെള്ളച്ചാട്ടം വീണ്ടും സജീവമായി. കിഴക്കൻ ദോഫാറിലെ ഐൻ അഥൂമിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് പാറക്കെട്ടുകളിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കണ്ടെത്തിയത്. ഈ വർഷത്തെ ഖരീഫ് കാലത്ത് ഏറെക്കാലം കാര്യമായ നീരൊഴുക്കില്ലാതിരുന്ന വെള്ളച്ചാട്ടത്തിലാണ് ഇപ്പോൾ വീണ്ടും ജലപ്രവാഹം ദൃശ്യമായതെന്നതാണ് കൗതുകം. സാധാരണയായി ഖരീഫ് മഴയിലൂടെ ഭൂഗർഭ ജലസ്രോതസ്സുകൾ നിറയുന്നതോടെയാണ് ഐൻ അഥൂമിലെ നീരൊഴുക്ക് ശക്തമാകുന്നത്. എന്നാൽ ഇത്തവണ വെള്ളച്ചാട്ടം സജീവമായത് മുൻവർഷത്തേക്കാൾ വൈകിയാണ്.

സലാലയിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഐൻ അഥൂം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്ത നീരുറവയിൽ നിന്നാണ് വെള്ളച്ചാട്ടത്തിലേക്ക് ജലമെത്തുന്നത്. മഴയുടെ അളവും ലഭിക്കുന്ന സമയവും ചുറ്റുമുള്ള നീർത്തട പ്രദേശത്തെ ജലലഭ്യതയും അനുസരിച്ചാണ് ഓരോ വർഷവും വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ വ്യത്യാസം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ ആഗസ്റ്റ് 25-നുതന്നെ ഐൻ അഥൂം പൂർണ ശക്തിയിൽ ഒഴുകിയിരുന്നു. അന്ന് ഏകദേശം 20 മീറ്റർ ഉയരത്തിൽ നിന്ന് വെള്ളം പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ച സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു.

ഇത്തവണ സെപ്തംബർ എത്തിയ ശേഷമാണ് വെള്ളച്ചാട്ടത്തിൽ കാര്യമായ ജലപ്രവാഹം ഉണ്ടായത്. ജൂൺ 21 മുതൽ സെപ്തംബർ 21 വരെയാണ് ഔദ്യോഗികമായി ദോഫാർ ഖരീഫ് കാലമായി കണക്കാക്കുന്നത്. ഖരീഫിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴുണ്ടായ ഈ മഴയും വെള്ളച്ചാട്ടത്തിന്റെ പുനരുജ്ജീവനവും ദോഫാറിന്റെ പ്രകൃതിഭംഗിക്ക് മറ്റൊരു മനോഹാരിത നൽകുകയാണ്. പച്ചപ്പണിഞ്ഞ മലനിരകളും മഞ്ഞുമൂടിയ അന്തരീക്ഷവും നീരുറവകളും വെള്ളച്ചാട്ടങ്ങളും ചേർന്ന ദോഫാറിന്റെ ഖരീഫ് കാഴ്ചകൾ ഇതിനകം തന്നെ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഐൻ അഥൂമിലെ നീരൊഴുക്ക് ശക്തമായതോടെ പ്രദേശത്തേക്ക് കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

ഖരീഫ് സീസൺ ആസ്വദിക്കാൻ ഈ വർഷം 11 ലക്ഷത്തിലധികം സഞ്ചാരികളാണെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 8.6 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഖരീഫ് സീസണിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ആഗസ്റ്റ് മാസത്തിലാണ്.  

Tags:    
News Summary - Water flows at Ain Athoom waterfall, a favorite among tourists; Tourists flock to Oman to enjoy the Kharif season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.