സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മാർക്കോ റൂബിയോ

മസ്കത്ത്: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര ശ്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ചൊവ്വാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. ഇരു മന്ത്രിമാരും ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സംഘർഷങ്ങൾ കുറക്കുക, അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കുക, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നയതന്ത്ര ഇടപെടലുകൾ തുടരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെക്കുറിച്ച് അവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഒപ്പം പ്രാദേശികമായ മറ്റു പല വിഷയങ്ങളും പൊതുതാൽപര്യ കാര്യങ്ങളും ചർച്ചയായി.

ഒമാൻ -യു.എസ് ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, നിലവിലുള്ള സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെയും ഇരുരാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെയും പ്രാധാന്യം റൂബിയോയും സയ്യിദ് ബദറും ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം, ഒമാനും യു.എസും തമ്മിലുള്ള ആശയവിനിമയ മാർഗങ്ങളിലൂടെ കൂടിയാലോചനകളും ഏകോപനങ്ങളും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - US and Oman step up diplomatic efforts amid regional tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.