മത്ര കേബിൾ കാർ: സുരക്ഷാ പരിശോധന പൂർണം; സർവിസിന് ഇനി അന്തിമ അനുമതി മാത്രം
മസ്‌കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ പ്രധാന അന്താരാഷ്ട്ര സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷൻ നടപടികളും പൂർത്തിയായി. ഇനി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അന്തിമ പരിശോധനകളും അനുമതികളും ലഭിച്ച ശേഷം സർവിസ് ആരംഭിക്കും. പ്രവർത്തനം തുടങ്ങുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
യൂറോപ്പിൽ കേബിൾ കാർ സുരക്ഷാ പരിശോധനയും സർട്ടിഫിക്കേഷനും നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ആദ്യഘട്ട സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയുടെ രേഖകൾ ഉടൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് പദ്ധതിയുടെ ഉടമയും സബീൻ ഗ്രൂപ്പ് സി.ഇ.ഒയുമായ ഖാലിദ് അൽ നബ്ഹാനി പറഞ്ഞു.
മത്ര ടെലിഫെറിക് എന്ന കമ്പനിയായിരിക്കും കേബിൾ കാർ സർവിസ് നടത്തുക. മൂന്ന് സ്റ്റേഷനുകളുടെയും നിർമാണം ഇതിനകം പൂർത്തിയായി. സ്റ്റേഷനുകളിൽ തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങൾ ഔട്ട്‌ലെറ്റുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒമാനിൽ കേബിൾ കാർ പദ്ധതി കന്നി പ്രവർത്തനമായതിനാൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടിയിരുന്നു.
യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതിയുടെ പരിശോധനകൾ നടത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചു. അടുത്ത ഘട്ടത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി , റോയൽ ഒമാൻ പൊലീസ് , മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ അന്തിമ പരിശോധനകളും അനുമതികളും പൂർത്തിയാക്കണം.
സുൽത്താൻ ഖാബൂസ് പോർട്ട്, മൗണ്ടൻ (സമ്മിറ്റ്), ഹയ്യ് അൽ വാർദ് എന്നിവിടങ്ങളിലാണ് കേബിൾ കാറിന്റെ മൂന്ന് സ്റ്റേഷനുകൾ. പദ്ധതിയിൽ ആകെ 18 കേബിൾ കാറുകളാണുള്ളത്. സാധാരണ കാബിനുകളിൽ എട്ട് പേർക്കും വി.ഐ.പി കാബിനുകളിൽ നാല് പേർക്കും യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.