മസ്‌കത്ത് എക്സ്പ്രസ്‌വേ വികസനം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിവിധ പദ്ധതികൾ
മസ്‌കത്ത്: മസ്‌കത്ത് എക്സ്പ്രസ്‌വേ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വിവിധ പദ്ധതികൾ പരിഗണനയിൽ. വികസനപ്രവർത്തനങ്ങൾക്ക് കരാറുകാരന് രണ്ടാഴ്ച മുമ്പ് പ്രവർത്തനം തുടങ്ങാനുള്ള അനുമതി നൽകിയതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി അറിയിച്ചു.
ഒക്ടോബറിലോ പരമാവധി നവംബറിലോ സ്ഥലത്ത് പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതം തിരിച്ചുവിടുന്നതും ചില സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ക്രമീകരിക്കുന്നതും ഉൾപ്പെടുന്ന പദ്ധതി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ പ്രവർത്തനസമയം മാറ്റുന്നതിനെക്കുറിച്ചും പഠനം നടക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അൽ ഖുറം നാച്വറൽ പാർക്കിലെയും സൈഹ് അൽ മലേഹിലെയും റൗണ്ട് എബൗട്ടുകൾ സിഗ്നൽ ജങ്ഷനുകളാക്കി മാറ്റും. എക്സ്പ്രസ്‌വേ ഹൽബാൻ ഇന്റർചേഞ്ച് വരെ വികസിപ്പിക്കുകയും അൽ ബാത്തിന എക്സ്പ്രസ്‌വേയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. റുസൈൽ പാലത്തിൽ മസ്‌കത്തിൽനിന്ന് ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക പുറംവഴിയും ഒരുക്കും. അൽ ഖൗദ് ആറാം ട്രാഫിക് സിഗ്നൽ, അൽ ഗുബ്ര മുതൽ അൽ മഅബീല വരെയുള്ള റോഡുകൾ എന്നിവിടങ്ങളിലും ഗതാഗതം സുഗമമാക്കുന്നതിനുള്ള നവീകരണങ്ങൾ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.