മസ്കത്ത്: ഹോട്ടൽ, സൂപ്പർ മാർക്കറ്റുകൾ, ചന്തകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ഒമാനിൽ പത്തു ബയോഗ്യാസ് പ്ലാൻറുകളെങ്കിലും നിർമിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ. ഇത്തരം പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക ആവശ്യങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. അതോടൊപ്പം, ഇതിൽനിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കാനും മാലിന്യം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും.
സംസ്കരണ പദ്ധതി വഴി 2030ഒാടെ രാജ്യത്തെ 60 ശതമാനം വരെ മാലിന്യം ഉൗർജ ഉൽപാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയുമെന്നും 2040ൽ ഇത് 80 ശതമാനമായി ഉയർത്താൻ കഴിയുമെന്നും സുആദ് സഇൗദ് അൽ ഹുസ്നി പറഞ്ഞു. മാലിന്യ സംസ്കരണ ഏജൻസി ‘ബീഹ്’ സംഘടിപ്പിച്ച രണ്ടു ദിവസത്തെ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവർ.ഹരിത മാലിന്യം, വീടുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യം, അറവുശാല മാലിന്യം, കോഴി-മൃഗ മാലിന്യം, ഹോട്ടൽ മാലിന്യം, മറ്റു വാണിജ്യ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തുടങ്ങിയവ അടക്കം ദിവസവും ടൺ കണക്കിന് മാലിന്യങ്ങളാണ് ഉപയോഗശൂന്യമായി നിക്ഷേപിക്കപ്പെടുന്നത്.ബർക്ക മാലന്യ നിക്ഷേപ കേന്ദ്രത്തിൽ മാത്രം ദിവസവും 2.1 ടൺ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
മറ്റിടങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും സമാനമായി മാലിന്യം നിക്ഷേപിക്കപ്പെടുന്നുണ്ട്. നിലവിലുള്ള അവസ്ഥയിൽ ഇത്തരം മാലിന്യം ഉപയോഗപ്പെടുത്തി ചുരുങ്ങിയത് ഏഴ് ഇടത്തരം സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയും.ഇത്തരം കേന്ദ്രങ്ങളിൽനിന്ന് ഒന്ന് മുതൽ രണ്ടര മെഗാവാട്ട് വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ കഴിയും. ബർകയാണ് ഇൗ പദ്ധതിക്ക് ഏറെ അനുയോജ്യമെന്ന് സൂആദ് പറയുന്നു. ഇടത്തരം പ്ലാൻറുകളിൽനിന്ന് അര മുതൽ ഒരു മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഇതിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഉപ ഉൽപന്നങ്ങൾ കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും.അടുത്തിടെ ഒമാനിലെ ജർമൻ യൂനിവേഴ്സിറ്റി ഹൽബാൻ കാമ്പസിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ അധികൃതരുമായി കരാർ ഒപ്പുവെച്ചിരുന്നു. രണ്ടായിരം ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. മവേല പച്ചക്കറി മാർക്കറ്റിൽനിന്ന് ദിവസവും പത്തുമുതൽ 50 ടൺ വെര മാലിന്യമാണ് ഇവിടെ എത്തിക്കുക.ഇതിൽനിന്ന് 0.6 മെഗാ വാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. പദ്ധതിയുടെ ഉപ ഉൽപന്നമായ വളവും മറ്റും പ്രദേശികമായി വിപണനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.