മസ്കത്ത്: ശർഖിയ ഗവർണറേറ്റിലെ ബിദിയയിൽ വൻ തീപിടിത്തം. ഒമാൻ ഒായിലിന് സമീപത്തെ കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വൻശബ്ദത്തോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന നാലുകടകളും പൂർണമായി കത്തിനശിച്ചു. ഗ്യാസ്സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി അമ്പുകുഞ്ഞിെൻറ ഹോട്ടലും കത്തിയ കടകളിൽ ഉൾപ്പെടും. ആയിരക്കണക്കിന് റിയാലിെൻറ നഷ്ടം കണക്കാക്കുന്നു. പാകിസ്താൻ സ്വദേശിക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലിനാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏകദേശം അര കിലോമീറ്റർ പരിധിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമികുലുക്കമാണെന്ന് കരുതി പലരും വീടുകളിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ബസിനും സാരമായ നാശമുണ്ട്.
സമീപത്തെ നിരവധി വീടുകളുടെയും മറ്റും ചില്ലുകളും സ്ഫോടനത്തിെൻറ ആഘാതത്തിൽ തകർന്നിട്ടുണ്ട്. പൂർണമായ കത്തിയ കടകളിൽ ഒന്ന് ആന്ധ്രപ്രദേശ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോറാണ്. കഴിഞ്ഞദിവസമാണ് ഇവിടെ പുതിയ സ്റ്റോക് ഇറക്കിയത്. മറ്റു രണ്ട് കടകളും പാകിസ്താൻ സ്വദേശികളുടേതാണ്. സിവിൽ ഡിഫൻസ് വൈകാതെ സംഭവസ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു.
മുസന്നയിലെ ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ പെർഫ്യൂം കൗണ്ടർ പൂർണമായി കത്തിയിരുന്നു.പുലർച്ചെയാണ് ഇവിടെയും തീപിടിത്തമുണ്ടായത്. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് തീപിടിത്തം അറിഞ്ഞത്. അൽഖൂദിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ കഴിഞ്ഞ 18ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. രണ്ടാം നിലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരിക്കുണ്ടായത്. ബഹ്ലയിലെ വീട്ടിലും അന്നേ ദിവസം ഉച്ചയോടെ തീപിടിച്ചിരുന്നു. തീപിടിത്തങ്ങളും വൻ നാശവും ഒഴിവാക്കാൻ കടകളിലും വാണിജ്യ സമുച്ചയങ്ങളിലും സുരക്ഷാ മുൻകരുതൽ നടപടികളെടുക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.