സലാല: സലാലയിലെ സഅദ സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ പുരുഷ (ജൂനിയർ) ഹാൻഡ്ബാൾ ടൂർണമെൻറിൽ ഇന്ത്യക്ക് ആദ്യ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ യമനെ 37-24 എന്ന സ്കോറിന് ഇന്ത്യ പരാജയപ്പെടുത്തി.
ആദ്യ മത്സരത്തിൽ ഇറാനോട് 17-48ന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഒമാനോട് 37-38 ന് പൊരുതിതോറ്റിരുന്നു. ആദ്യ മത്സരങ്ങളിൽ തന്നെ മൂന്നു പ്രമുഖ താരങ്ങൾക്ക് പരിക്കുപറ്റിയത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചതായി കോച്ച് ആഷിഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ ടീം ഉൾപ്പെടെ 16 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. മറ്റൊരു മത്സരത്തിൽ ഇറാൻ യമനെ 49-19 എന്ന സ്കോറിന് തോൽപിച്ചിരുന്നു. കഴിഞ്ഞ 16നായിരുന്നു ടൂർണമെൻറിെൻറ ഉദ്ഘാടനം. ഉദ്ഘാടന പരിപാടികൾക്ക് ശൈഖ് സാലിം അൽ മുസ്തഹീൽ അൽ മഷാനി അധ്യക്ഷത വഹിച്ചു.
ഏഷ്യൻ ഹാൻഡ്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻറ് ബദർ അൽ ത്വയ്യിബ്, ഡോ. സഈദ് അഹമ്മദ് അൽ ശഹ്രി, മൂസ അൽ ബലൂഷി തുടങ്ങിയവർ സംബന്ധിച്ചു.
ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെൻറ് സലാലയിൽ സംഘടിപ്പിക്കുന്നത് ദോഫാറിലെ ഖരീഫ് ടൂറിസത്തിനു മുതൽകൂട്ടാവുമെന്ന് സംഘാടകർ പറഞ്ഞു. നാലു ഗ്രൂപ്പുകളായുള്ള മത്സരങ്ങൾ 26നാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.