മസ്കത്ത്: പുതിയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകൾ പുറത്തുവിട്ടു. ഹ്രസ്വസമയ, ദീർഘസമയ പാർക്കിങ് വിഭാഗങ്ങളിലായി എണ്ണായിരത്തോളം കാറുകൾക്ക് പാർക്ക് ചെയ്യാനാണ് ഇവിടെ സൗകര്യമുള്ളത്. പഴയ വിമാനത്താവളത്തിലെ പാർക്കിങ് നിരക്കുകളുടെ ഇരട്ടിയിലധികം തുക പുതിയ ടെർമിനലിൽ മുടക്കേണ്ടി വരും. ഹ്രസ്വസമയ പാർക്കിങ് വിഭാഗത്തിൽ 500 ബൈസ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. അരമണിക്കൂറിനാണ് ഇൗ നിരക്ക്. പഴയ വിമാനത്താവളത്തിലും ഇൗ നിരക്ക് തന്നെയായിരുന്നു.
അര മണിക്കൂർ പിന്നിട്ടാൽ നേരത്തേ ഒരു റിയാൽ നൽകിയിരുന്ന സ്ഥാനത്ത് രണ്ടു റിയാൽ നൽകണം.
ഒരു മണിക്കൂർ മുതൽ ആറു മണിക്കൂർ വരെ യഥാക്രമം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് റിയാൽ എന്നീ ക്രമത്തിലാണ് ഇൗടാക്കുക. ആറു മണിക്കൂർ മുതൽ ഒമ്പതു മണിക്കൂർ വരെ പത്തു റിയാലും 12 മണിക്കൂർ വരെ 15 റിയാലും 24 മണിക്കൂറിന് 24 റിയാലും നൽകണം. 24 മണിക്കൂറിന് ശേഷമുള്ള ഒാരോ ദിവസവും 20 റിയാൽ എന്ന തോതിൽ ഇൗ വിഭാഗത്തിൽ പാർക്ക് ചെയ്യുന്ന വാഹനയുടമകൾ നൽകണം. പഴയ ടെർമിനലിൽ മണിക്കൂറിന് 500 ബൈസ എന്ന തോതിലായിരുന്നു ഇൗടാക്കിയിരുന്നത്. ദീർഘസമയ പാർക്കിങ് വിഭാഗത്തിൽ ആദ്യദിവസം ഏഴു റിയാൽ, രണ്ടു ദിവസത്തിന് 13 റിയാൽ, മൂന്നു ദിവസത്തിന് 20 റിയാൽ എന്നിങ്ങനെയാണ് നൽകേണ്ടത്. പിന്നീടുള്ള ഒാരോ ദിവസത്തിനും അഞ്ചു റിയാൽ വീതവും നൽകണം. പഴയ ടെർമിനലിൽ ഒരു ദിവസത്തിന് മൂന്നു റിയാൽ, രണ്ട്, മൂന്ന്, നാല് ദിവസത്തിന് യഥാക്രമം നാലുമുതൽ ആറു റിയാൽ വരെയുമായിരുന്നു നൽകേണ്ടത്. അഞ്ചാം ദിവസം മുതൽ ഏഴു റിയാലുമാണ് ഇൗടാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.