ശ്രീലങ്കന്‍ എയര്‍വേസ് മസ്കത്തില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നു

മസ്കത്ത്: ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒമാനില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നു. ഈമാസം 30 മുതലാണ് സര്‍വിസ് ആരംഭിക്കുകയെന്ന് ശ്രീലങ്കന്‍ എയര്‍വേസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒഴിച്ചുള്ള ദിവസങ്ങളില്‍ ഒരു സര്‍വിസ് വീതമാണ് ഉണ്ടാവുക. എ 320, എ 321 വിഭാഗങ്ങളില്‍പെടുന്ന ആധുനിക വിമാനങ്ങളായിരിക്കും സര്‍വിസിന് ഉപയോഗിക്കുകയെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ദീപാല്‍ പല്ളേഗന്‍ഗോഡ പറഞ്ഞു. രാത്രി 10.30ന് മസ്കത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.20നാകും കൊളംബോയില്‍ എത്തുക. ശ്രീലങ്കന്‍ സമയം 6.45ന് കൊളംബോയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.20ന് മസ്കത്തിലത്തെും. ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് സര്‍വിസുകള്‍ ഏറെ സൗകര്യപ്രദമാകുമെന്ന് ദീപാല്‍ പറഞ്ഞു. 
ഡിസംബറില്‍ സര്‍വിസുകളുടെ എണ്ണം ഏഴായി വര്‍ധിപ്പിക്കും. കൊളംബോയില്‍നിന്ന് കൊച്ചിയും തിരുവനന്തപുരവും അടക്കം വിവിധ തെക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിവിധ തെക്കന്‍ ഏഷ്യന്‍ നഗരങ്ങളിലേക്കുമുള്ള കണക്ഷന്‍ സര്‍വിസുകളും യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ജനറല്‍ സെയില്‍സ് ഏജന്‍റായ മെസൂണ്‍ ട്രാവല്‍സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ റിയാസ് കുട്ടേരി പറഞ്ഞു. തെക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബാഗേജ് ആനുകൂല്യവും ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രീലങ്കന്‍ എയര്‍വേസിന്‍െറ സഹോദര സ്ഥാപനമായിരുന്ന മിഹിന്‍ ലങ്കയാണ് മസ്കത്തിലേക്ക് സര്‍വിസ് നടത്തിയിരുന്നത്. ഇവര്‍ എല്ലാ സെക്ടറുകളിലേക്കുമുള്ള സര്‍വിസ് അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വിസ് പുനരാരംഭിക്കുന്നത്. മിഹിന്‍ ലങ്കയില്‍ ബുക്ചെയ്ത ടിക്കറ്റുകളെല്ലാം പുതിയ സര്‍വിസിലേക്ക് മാറ്റി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 
 

Tags:    
News Summary - Air Sevice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.