സലാല: ആദം-സലാല റോഡിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ ദോഫാറിലെ മഖ്ഷാന് സമീപത്തെ ഖത്ബീത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മരണപ്പെട്ടവരിൽ അഞ്ചുപേർ സ്വദേശികളും മൂന്നുപേർ പാകിസ്താൻ വംശജരുമാണ്. രാത്രി 11.30ഒാടെയാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അപകടത്തിൽപെട്ട കാറുകളിൽ ഒന്ന് ടാക്സിയാണ്. നേർക്കുനേർ കൂട്ടിയിടിച്ച വാഹനങ്ങൾ നിശേഷം തകർന്നു. ടാക്സിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. സ്വദേശി വാഹനത്തിൽ നാലുപേരും ഉണ്ടായിരുന്നു. അഞ്ചുപേർ തൽക്ഷണം മരിച്ചു. മൂന്നുപേരെ ആംബുലൻസിൽ മഖ്ഷാൻ ഹെൽത്ത്സെൻററിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഹെലികോപ്ടറിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമിതവേഗമാണ് അപകട കാരണമെന്ന് കരുതുന്നു. ഒരാഴ്ചക്കിടെ ഇൗ റൂട്ടിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30ഒാടെ ഖർനൽ ആലമിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി യു.എ.ഇ പൗരന്മാരായ സ്ത്രീയും പുരുഷനും സൗദി വനിതയുമാണ് മരിച്ചത്.
കുട്ടികളടക്കം പന്ത്രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. സൗദി, യു.എ.ഇ, ഒമാൻ രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഇതിൽ സൗദി,യു.എ.ഇ വാഹനങ്ങൾ കത്തിമയർന്നു. അമിതവേഗവും തെറ്റായ മറികടക്കലുമാണ് അപകടത്തിന് കാരണമായതെന്ന് ആർ.ഒ.പി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇൗ അപകട ശേഷം അപകട സാധ്യതയൊഴിവാക്കാൻ കൂടുതൽ ചെക്ക്പോസ്റ്റുകൾ റോഡിൽ സ്ഥാപിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിെൻറ ഭാഗമായി പൊലീസും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം ‘മോക്ക്ഡ്രിൽ’ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.