മസ്കത്ത്: ഒമാനിൽ രണ്ടിടങ്ങളിൽ വാഹനാപകടം, ഒരാൾ മരിച്ചു. സലാല-തുംറൈത്ത് റോഡിൽ അൽ സെയിഹ് അൽ സമായിം എന്ന സ്ഥലത്താണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അമിതവേഗത്തിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചയാൾ എവിടത്തുകാരൻ ആണെന്നത് വ്യക്തമല്ല.
അപകടത്തിൽപെട്ട വാഹനങ്ങളിലൊന്ന് നിശ്ശേഷം തകർന്നതായും പൊലീസ് പറഞ്ഞു. സീബിലാണ് രണ്ടാമത്തെ അപകടം നടന്നത്.
ആറു വാഹനങ്ങളാണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപകടത്തിൽ സാമാന്യം നല്ല പരിക്കേറ്റു.
ഒരാൾ ഇൗജിപ്ഷ്യൻ വംശജനും രണ്ടാമത്തേത് ഇന്ത്യക്കാരിയായ വനിതയുമാണ്. ഇവരെ ഖൗല ആശുപത്രിയിൽ പ്രേവശിപ്പിച്ചു. ഖരീഫ് സീസൺ ആരംഭിച്ചശേഷം സലാല റോഡിൽ ആളുടെ മരണത്തിനിടയാക്കിയ ആദ്യത്തെ അപകടമാണ് ഇന്നലെ നടന്നത്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടകാരണമായതെന്ന് പൊലീസ് പറഞ്ഞു. അപകടസാധ്യതയേറെയുള്ള പ്രദേശമായതിനാൽ അമിതവേഗം ഒഴിവാക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. പതിവ് അപകടമേഖലയായ ഇവിടെ ഏപ്രിൽ അവസാനവും മേയ്, ജൂൺ മാസങ്ങളിലും ഉണ്ടായ മൂന്നു ബസ് അപകടങ്ങളിലായി പത്തു പേരോളം മരണപ്പെട്ടിരുന്നു. എന്നാൽ, ഖരീഫ് സീസൺ ആരംഭിച്ചശേഷം പെരുന്നാൾ പൊതു അവധിക്കാലം അപകടരഹിതമായാണ് കടന്നുപോയത്. ഖരീഫ് കാലത്തെ വർധിച്ച വാഹനപ്പെരുപ്പം കണക്കിലെടുത്ത് ഇൗ റൂട്ടിൽ പൊലീസ് ചെക്ക്പോയൻറുകളും കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.