അതിരുകളില്ലാത്ത തണല്‍മരമായി ഡോ. ഇദ് രീസ്

മസ്കത്ത്: എട്ട് വര്‍ഷം മുമ്പ് അന്നനാളത്തിന് കാന്‍സര്‍ ബാധിച്ച് ചികിത്സക്കത്തെിയ മാധവി അമ്മയാണ്  മൂന്ന് ജില്ലകളിലെ അശരണരായ രോഗികള്‍ക്ക് തണലേകുന്ന ഒരു മഹാപ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍ ഡോ. ഇദ്രീസിന്  ഉള്‍വിളിയായത്. കേരളത്തിന്‍െറ മതില്‍കെട്ടും കടന്ന് ഇന്ന് കുടകിലും അശരണര്‍ക്ക് കാരുണ്യ തണല്‍ വിരിയിക്കാനൊരുങ്ങുകയാണ് ഈ ബഹുജന പ്രസ്ഥാനം. നന്ദിയിലെ ആശുപത്രിയില്‍ മാധവിയമ്മയെ ചികിത്സിക്കാന്‍ അന്നനാളത്തിലേക്ക് ട്യൂബിടാന്‍ തുടങ്ങുമ്പോള്‍ അതുവരെ ഡോക്ടര്‍ എന്ന് വിളിച്ചിരുന്ന അമ്മ ‘‘മോനെ’’ എന്ന് വിളിച്ച് ചോദിച്ചു, ‘‘ഈ പൈപ്പ് എനിക്കിട്ടുതന്ന് എനിക്ക് ചികിത്സ നല്‍കാന്‍ മോന് കഴിയും. പക്ഷെ, അതില്‍ വെള്ളം ഒഴിച്ചുതരാന്‍ എനിക്കാരാണുള്ളത്?’’ പത്തുവര്‍ഷമായി ഭര്‍ത്താവ് കിടപ്പിലായ, മക്കളില്ലാത്ത കുടുംബമായിരുന്നു ഈ 65കാരിയുടേത്. അശരണ വാര്‍ധക്യങ്ങളെ ഏറ്റെടുക്കാന്‍ മാധവിയമ്മയുടെ ഈ ചോദ്യമാണ് കണ്ണൂര്‍ താണ സ്വദേശിയായ ഡോ. ഇദ്രീസിന് പ്രേരണയായത്. 
ഏറെ ഭാരിച്ചതെന്ന് ഉറപ്പുള്ള ഈ ദൗത്യത്തിന് സഹകാരികളെ കണ്ടത്തെുകയായിരുന്നു പിന്നത്തെ ശ്രമം. അങ്ങനെയാണ് പാലിയേറ്റിവ് പ്രവര്‍ത്തകനായ രാമചന്ദ്രന്‍ മാസ്റ്റര്‍, മന്‍സൂര്‍, ത്വാഹില്‍, ഇല്‍യാസ് എന്നിവരുടെ സഹായത്തോടെ മാഹിയില്‍ ഒരു അന്തേവാസിയുമായി ‘തണല്‍’ സ്ഥാപിക്കുന്നത്. അശണരായ 15 പേരെയെങ്കിലും പരിപാലിക്കുകയായിരുന്നു ലക്ഷ്യം.  എന്നാല്‍, മാധവി അമ്മക്ക് തണലില്‍ അന്തേവാസിയാവാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അവര്‍ പരിചരണം ആവശ്യമില്ലാത്ത ലോകത്തേക്ക് പോയിരുന്നു. ഏറെക്കാലം ബംഗളൂരുവില്‍ ജീവിക്കുകയായിരുന്ന കമാലായിരുന്ന ആദ്യ അന്തേവാസി. അസുഖം മൂലം കാലുമുറിച്ച് മാറ്റിയ കമാലിനെ ബംഗളൂരുവിലെ അടുത്ത ബന്ധുക്കള്‍ ബസില്‍ കണ്ണൂരില്‍ ഇറക്കി വിടുകയായിരുന്നു. റോഡരികില്‍ കണ്ട കമാലിനെ ഓട്ടോറിക്ഷക്കാരാണ് കണ്ണൂരിലെ ബന്ധുക്കളുടെ വീട്ടില്‍ എത്തിച്ചത്. എന്നാല്‍, അവര്‍ അദ്ദേഹത്തെ സ്വീകരിക്കാതിരുന്നതോടെയാണ് തണല്‍ ഏറ്റെടുക്കുന്നത്. മാഹിയില്‍ ഇടം ഇല്ലാതെ വന്നപ്പോള്‍ വടകരയിലേക്കും കോഴിക്കോട്ടേക്കും വയനാട്ടിലേക്കും തണലിന്‍െറ പ്രവര്‍ത്തനം വ്യാപിച്ചു. എട്ട് വര്‍ഷത്തിനുള്ളില്‍ 1,500 പേര്‍ക്കാണ് ഈ പ്രസ്ഥാനം സംരക്ഷണം നല്‍കിയത്. ഇവിടത്തെ അന്തേവാസികള്‍ ചിലര്‍ പൂര്‍ണ ആരോഗ്യവാന്മാരായി കുടുംബത്തിലേക്ക് തിരിച്ചുപോയപ്പോള്‍ മറ്റ് ചിലര്‍ മരണപ്പെടുകയും ചെയ്തു.  അന്തേവാസികള്‍ ദീര്‍ഘകാലം തണലില്‍ കഴിയുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല. ഇതിനാലാണ് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുകയെന്ന പദ്ധതിയുമായി തണല്‍ മുന്നോട്ടുപോവുന്നതെന്ന് ഡോ. ഇദ്രീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
അശരണരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ഇപ്പോള്‍ തണലിനുണ്ട്. സുമനസ്സുകളുടെ നിറഞ്ഞ പിന്തുണയാണ് പ്രചോദനം. ഒരു മാസം 50 ലക്ഷം രൂപ ചെലവ് വരുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സുമനസ്സുകള്‍ നല്‍കുന്ന സംഭാവനയല്ലാതെ തണിലിന് സ്ഥിര വരുമാന സ്രോതസ്സുകളൊന്നുമില്ല. വിവിധ പ്രദേശങ്ങളില്‍ തണലിന്‍െറ ശാഖയുണ്ടാക്കി അവര്‍ സ്വരൂപിക്കുന്ന പണമാണ് തണലിനെ മുന്നോട്ട് നയിക്കുന്നതെന്ന് ഇദ്രീസ് പറയുന്നു. പൊതുജനങ്ങളും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ മേയില്‍ വടകരയില്‍ നടന്ന ബക്കറ്റ് പിരിവില്‍ ഒരു യാചകന്‍ തന്‍െറ പിച്ചപ്പാത്രത്തിലുള്ളതെല്ലാം തണല്‍ ബക്കറ്റിലേക്ക് തട്ടിയത് മറക്കാനാകാത്ത അനുഭവമാണെന്ന് ഇദ്രീസ് പറയുന്നു. 
തണലിന്‍െറ മുന്നില്‍ നിരവധി പദ്ധതികളുണ്ടിപ്പോള്‍. കേരളത്തില്‍ ദിവസവും അപകടങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം അപകടങ്ങളില്‍ നട്ടെല്ലിന് ക്ഷതമേറ്റ് കിടക്കയില്‍ കഴിയുന്ന ആയിരങ്ങളുണ്ട് കേരളത്തില്‍. ഇത്തരക്കാര്‍ക്കുള്ള ശരിയായ ചികിത്സ രീതി കേരളത്തിലില്ല. ഇപ്പോള്‍ കോയമ്പത്തൂരിലും വെല്ലൂരിലുമാണ് പറ്റിയ സ്ഥാപനങ്ങളുള്ളത്. ഇത് കണ്ടറിഞ്ഞ് കണ്ണൂരില്‍ കേരളത്തിലെ ആദ്യത്തെ പാരാപ്ളീജിയ സെന്‍റര്‍ തണല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആറ് രോഗികളെ തെരഞ്ഞെടുത്തു കഴിഞ്ഞു. കുറ്റ്യാടിയില്‍ ആരംഭിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കുള്ള രാജ്യാന്തര കാമ്പസിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍െറ ഒരു നില സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് മാര്‍സ് ഹൈപര്‍ മാര്‍ക്കറ്റ് എം.ഡി വി.ടി. വിനോദാണ്.  മാനസിക രോഗികള്‍ക്ക് തണലേകാന്‍ കോഴിക്കോട്ട് ഒരു ഏക്കര്‍ സ്ഥലം ഡോ. പി. മുഹമ്മദലി  നല്‍കിയതായി ഇദ്രീസ് അറിയിച്ചു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളായും മറ്റും വൈകല്യം ബാധിച്ച കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഏറ്റെടുത്തത് ബദര്‍ സമ ഹോസ്പിറ്റര്‍ എം.ഡി അബ്ദുല്‍ ലത്തീഫാണ്. കുടകില്‍ തണല്‍ ആരംഭിക്കാന്‍ സ്ഥലം ലഭിച്ചുകഴിഞ്ഞു. ഇനിയും നിരവധി പദ്ധതികള്‍ തണലിനുണ്ട്. ഇതിന് പ്രവാസികളുടെ പൂര്‍ണ പിന്തുണ തേടുകയാണ് തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ്. മസ്കത്തിലും സലാലയിലുമായി സന്ദര്‍ശനം നടത്തിയ ഡോ. ഇദ്രീസ് വിവിധ മേഖലകളിലുള്ള പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.