ജൂണിന് ശേഷം ഒമാന്‍ എണ്ണയുല്‍പാദനം വര്‍ധിപ്പിക്കും –സാലിം അല്‍ ഒൗഫി

മസ്കത്ത്: എണ്ണയുല്‍പാദനം കുറക്കുന്നതിനായി ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണ കുറഞ്ഞ കാലത്തേക്കുള്ള പ്രതിഭാസമാകാനാണ് സാധ്യതയെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഒൗഫി. ധാരണപ്രകാരം നിലവില്‍ ഒമാന്‍ പ്രതിദിന ഉല്‍പാദനത്തില്‍ 45,000 ബാരലിന്‍െറ കുറവുവരുത്തിയിട്ടുണ്ട്. ജൂണ്‍ വരെയാകും ഈ അളവില്‍ ഉല്‍പാദനം നടത്തുക. അതിന് ശേഷം പുതിയ ധാരണകള്‍ ഉണ്ടാകാത്ത പക്ഷം പ്രതിദിന ഉല്‍പാദനം ഒരു ദശലക്ഷം ബാരലിന് മുകളിലേക്ക് ഉയര്‍ത്തുമെന്നും മസ്കത്തില്‍ ആര്‍ഗ്വസ് മിഡിലീസ്റ്റ് ക്രൂഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ അല്‍ ഒൗഫി പറഞ്ഞു. 
ധാരണ പ്രകാരം എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളെല്ലാം കയറ്റുമതി കുറച്ചിട്ടുണ്ട്. പ്രതിദിന ഉല്‍പാദനത്തില്‍ 18 ലക്ഷം ബാരലിന്‍െറ കുറവ് വരുത്താനായിരുന്നു ധാരണ. ഇതില്‍ 15 ലക്ഷം ബാരല്‍ വരെ ഉല്‍പാദനം കുറച്ചതായി അല്‍ ഒൗഫി പറഞ്ഞു. എണ്ണയുല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യം. ഓപറേറ്റര്‍മാരില്‍നിന്ന് ഈ ശ്രമത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വ്യവസായവത്കരണത്തില്‍ പുരോഗതി കൈവരിക്കണമെന്നതിനാല്‍ പ്രകൃതിവാതക ഉല്‍പാദനത്തിലെ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അല്‍ ഒൗഫി പറഞ്ഞു. 
ഒരു ബാരല്‍ ക്രൂഡോയില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെലവ് 9.3 ഡോളറില്‍നിന്ന് 8.3 മുതല്‍ 8.5 ഡോളര്‍ വരെയായി കുറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ഉല്‍പാദനത്തിനൊപ്പം ചെലവ് കുറക്കുന്നതിനുള്ള ശ്രമങ്ങളും വിജയത്തിലത്തെിയിട്ടുണ്ട്. കസ്സാന്‍ ഗ്യാസ് പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം നാലാംപാദത്തില്‍ ഇവിടെ ഉല്‍പാദനം ആരംഭിക്കാനാണ് ശ്രമം. എണ്ണ, പ്രകൃതിവാതക മേഖലയില്‍ സൗരോര്‍ജം ഉപയോഗിക്കുന്നതിനായുള്ള റിമ പദ്ധതിയും പുരോഗമിക്കുകയാണ്. സലാല എല്‍.പി.ജി പദ്ധതി 2019 ഒടുവില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ പാചകവാതക കയറ്റുമതിരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും ഒൗഫി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.