ദേശീയ ആരോഗ്യ സര്‍വേ  ഫെബ്രുവരിയില്‍ തുടങ്ങും

മസ്കത്ത്: ദേശീയ ആരോഗ്യ സര്‍വേ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പ്ളാനിങ് ആന്‍ഡ് സ്റ്റഡീസ് വക്താവ് അറിയിച്ചു. പകര്‍ച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപ്തിയും രൂക്ഷതയും മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വേ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 9045 സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും സര്‍വേയുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കും. വിവിധ മന്ത്രാലയങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തിലാകും സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 
പകര്‍ച്ചവ്യാധിയിതര രോഗങ്ങള്‍ ഒമാനിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍വേക്കുള്ള നടപടികള്‍ ആരംഭിച്ചത്. ഇത്തരം രോഗബാധിതരായ സ്വദേശികളുടെ ചികിത്സക്കായി വന്‍തുകയാണ് സര്‍ക്കാറിന് ചെലവഴിക്കേണ്ടിവരുന്നത്. ലോകാരോഗ്യ സംഘടനയുടെ സര്‍വേ പ്രകാരം 40 ശതമാനം സ്വദേശികളും ഉയര്‍ന്ന രക്തസമ്മര്‍ദ ബാധിതരാണ്. 12.3 ശതമാനം പേര്‍ പ്രമേഹവും 29.5 ശതമാനം പേര്‍ അമിതവണ്ണം മൂലവും 24.1 ശതമാനം കുടവയര്‍ മൂലവും 33.6 ശതമാനം പേര്‍ ഉയര്‍ന്ന കൊളസ്ട്രോളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇതില്‍ 37 ശതമാനം പേര്‍ക്കും വ്യായാമമില്ലാത്തതാണ് പ്രശ്നം. 
അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഗുരുതര സ്ഥിതിവിശേഷമായി ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ദേശീയ കാന്‍സര്‍ രജിസ്റ്ററിയിലെ കണക്ക് പ്രകാരം പ്രതിവര്‍ഷം അര്‍ബുദ ബാധിതരാകുന്നത് 1300 പേരാണ്. പകര്‍ച്ചവ്യാധിയിതര രോഗങ്ങളുടെ ദേശീയ ഡാറ്റാബേസ് നിര്‍മിക്കുകയാണ് സര്‍വേ കൊണ്ട് ലക്ഷ്യമിടുന്നത്. പ്രധാന പകര്‍ച്ചവ്യാധി രോഗങ്ങളുടെയും അവയുണ്ടാക്കുന്ന അപകടാവസ്ഥകളുടെയും നിരീക്ഷണത്തിനായി വേണ്ട സംവിധാനമൊരുക്കുകയും സര്‍വേയുടെ ലക്ഷ്യമാണ്. പൗരന്മാരുടെയും വിദേശികളുടെയും പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ പുകയില ഉപയോഗം, പുകവലി, മദ്യ ഉപയോഗം, ഭക്ഷണ ശീലങ്ങള്‍, പഴങ്ങളും പച്ചക്കറികളും കഴിക്കല്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഡാറ്റാബേസ് ആയിരിക്കും തയാറാക്കുക. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.