????? ????????? ??????????? ???????????? ???????

പെരുന്നാള്‍ പൊതുഅവധി ഇന്ന് അവസാനിക്കുന്നു

മസ്കത്ത്: ഒമ്പതുദിവസം നീണ്ട ബലി പെരുന്നാല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നു. ഒമാന് പുറത്ത് അവധി ആഘോഷിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ തിരിച്ചുവരാന്‍ തുടങ്ങി. ഇതോടെ, റോഡുകളില്‍ തിരക്ക് ആരംഭിച്ചു. ശനിയാഴ്ച ഒമാന്‍െറ വിവിധഭാഗങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോയവരും തിരിച്ചുവരും. ഇതോടെ, ഒമാന്‍െറ എല്ലാ  ഭാഗങ്ങളിലെയും റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെടും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരവധി സന്ദര്‍ശകരാണ് കഴിഞ്ഞദിവസങ്ങളില്‍ എത്തിയത്. 
പാര്‍ക്കുകളിലും നല്ല ആള്‍ക്കൂട്ടമായിരുന്നു. ഒമാന്‍െറ ഉള്‍ഭാഗത്തുനിന്ന് നിരവധി പേര്‍ മസ്കത്ത് മേഖലയില്‍ എത്തിയത് വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനസാന്ദ്രമാക്കി. പെരുന്നാള്‍ അവധി വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇത് വര്‍ധിച്ചു. റുസൈല്‍ പാര്‍ക്, മത്ര കോര്‍ണീഷ്, ഇത്തി ബീച്ച്, നസീം ഗാര്‍ഡന്‍, കല്‍ബു പാര്‍ക്, റിയാന്‍ പാര്‍ക്, ഖുറം നാച്വറല്‍ പാര്‍ക്, അല്‍ അമിറാത്ത് പാര്‍ക് തുടങ്ങിയ മസ്കത്ത് മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനം കൂട്ടത്തോടെ എത്തിച്ചേര്‍ന്നു. 
വിവിധ ബീച്ചുകളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വാദീ ബനീ ഖാലിദ്, ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, നിസ്വ, ബഹ്ല, സൂര്‍, റാസല്‍ ഹദ്ദ്, വാദീ ഷാബ് എന്നിവിടങ്ങളിള്‍ കാലുകുത്താനിടമില്ലായിരുന്നു. ഖരീഫ് കാലത്തിനുശേഷം സഞ്ചാരികള്‍ ഒഴിഞ്ഞിരുന്ന സലാലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ തിരക്കേറി. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കും വിദേശികള്‍ക്കും പുറമെ ദുബൈയില്‍നിന്നും നിരവധി മലയാളികള്‍ എത്തി. ശനിയാഴ്ച മുതല്‍ ആളുകള്‍ എത്തി തുടങ്ങിയതായി സലാലയില്‍ താമസിക്കുന്നവര്‍ പറഞ്ഞു. 
പല കുടുംബങ്ങളുടെയും ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ സലാലയിലായിരുന്നു. ആളൊഴിഞ്ഞിരുന്ന ഹോട്ടലുകളും താമസകേന്ദ്രങ്ങളും സജീവമായത് വ്യാപാരികള്‍ക്ക് ആശ്വാസമായി. അതേസമയം അവധിദിനങ്ങളില്‍ മഴയൊഴിഞ്ഞുനിന്നത് സഞ്ചാരികള്‍ക്ക് നിരാശയായി. പര്‍വത പ്രദേശങ്ങളില്‍ തണുത്ത കാലാവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍, ഞായറാഴ്ച മുതല്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പരീക്ഷ ആരംഭിക്കുന്നത് ചിലരുടെ അവധി ആഘോഷത്തെ ബാധിച്ചു. കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ മലയാളികളടക്കം നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളികളായില്ല. പലരും ആഘോഷങ്ങള്‍ക്ക് വൈകുന്നേരം മാത്രം ഉപയോഗപ്പെടുത്തുകയും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുകയും ചെയ്തു. സൊഹാറില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമുണ്ടായിരുന്നു.
 ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സെഹാറില്‍ എത്തിയതിന്‍െറ ഭാഗമായി സൊഹാര്‍ ഉത്സവ ലഹരിയിലായിരുന്നു. ചൊവ്വാഴ്ച മുതലാണ് ഇവിടെ ആഘോഷങ്ങള്‍ നടന്നത്. സൊഹാര്‍ കോട്ടക്ക് പുറത്താണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സുല്‍ത്താനോട് ആദരവ് പ്രകടിപ്പിച്ച് സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ വേദിയിലത്തെിയിരുന്നു. 
ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ 21 പരമ്പരാഗത നാടോടി നൃത്ത സംഘങ്ങള്‍ ഒമാനി നൃത്തം അവതരിപ്പിച്ചിരുന്നു. കുതിരപ്പന്തയം അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രദേശിക ബാന്‍ഡ് സംഘങ്ങളും  വനിതാ വിഭാഗവും അവതരിപ്പിച്ച ബാന്‍ഡ് മേളയും ഉണ്ടായിരുന്നു. 
ഫലജ് അല്‍ ഖബാഇല്‍ പാര്‍ക്, അല്‍ മന്‍യല്‍ പാര്‍ക് എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ നടന്നു. ദോഫാര്‍, ബാത്തിന തുടങ്ങി ഒമാന്‍െറ വിവിധ പ്രവിശ്യകളിലായി സ്വദേശികളുടെ പരമ്പരാഗത പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.  ശുവ ബലിപെരുന്നാളിന്‍െറ പ്രധാന വിഭവമാണ്.
 ആട്, പശു, ഒട്ടകം തുടങ്ങിയവയുടെ ഇറച്ചിയാണ് ശുവ നിര്‍മിക്കാന്‍ ഉപയോഗിക്കാറ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.