ത്യാഗത്തിന്‍െറ ഓര്‍മയുമായി ഇന്ന് ബലിപെരുന്നാള്‍ 

മസ്കത്ത്: ത്യാഗത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും ഓര്‍മ പുതുക്കി ഒമാനിലെ വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങി. ഗള്‍ഫിലെ എല്ലാ രാഷ്ട്രങ്ങളിലും കേരളത്തിലും ഒരേ ദിവസമാണ് ബലിപെരുന്നാള്‍ എത്തുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ഈദ്ഗാഹുകളുടെയും ഈദ് സംഗമങ്ങളുടെയും ഒരുക്കങ്ങളും പൂര്‍ത്തിയായി. വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരങ്ങളും നടക്കും. ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അല്‍ റുസൈഖി ഗ്രൗണ്ടില്‍ നമസ്കാരത്തിന് യുവ പണ്ഡിതന്‍ നഹാസ് മാള നേതൃത്വം നല്‍കും. റൂവി, വാദി കബീര്‍ മേഖലകളിലായി നാല് ഈദ്ഗാഹുകളാണ് നടക്കുന്നത്.  ഖദറ, ഫലജ്, സൂര്‍, ജഅലാന്‍ ബനീ ബൂഅലി, നിസ്വ, സലാല തുടങ്ങിയ സ്ഥലങ്ങളിലും ഈദ്ഗാഹുകള്‍ നടക്കുന്നുണ്ട്. പല ഈദ്ഗാഹുകളിലും കേരളത്തില്‍നിന്നത്തെിയ പ്രമുഖരാണ് നേതൃത്വം നല്‍കുന്നത്. പെരുന്നാള്‍ തലേന്ന് പരമ്പരാഗത സൂഖുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മന്ദഗതിയിലായിരുന്ന വിപണി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ സജീവമായത്. പെരുന്നാള്‍ പടിവാതില്‍ക്കലത്തെിയതിന്‍െറ പ്രതിഫലനം കഴിഞ്ഞദിവസങ്ങളില്‍ ദൃശ്യമായിരുന്നതായി മത്രയിലെ വ്യാപാരികള്‍ പറഞ്ഞു.

ആളും ആരവവും ഒഴിഞ്ഞതില്‍ പരിഭവം പറഞ്ഞിരുന്ന കച്ചവടക്കാര്‍ക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സാധനം കൃത്യമായി നല്‍കാനാവാത്ത വിധത്തില്‍ തിരക്കായിരുന്നു. തെരുവോരങ്ങളിലും ഈ തിരക്ക് ദൃശ്യമായിരുന്നു. വാഹനത്തിരക്കുകൊണ്ട് സൂഖിലേക്കുള്ള എല്ലാ വഴികളും മുട്ടിയിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹനം പാര്‍ക്ക്ചെയ്ത് നടന്നുകൊണ്ടാണ് ആളുകള്‍ സൂഖിലത്തെിയത്.  വാഹന ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക്ക്പോലീസിനും നന്നേ പാടുപെടേണ്ടിവന്നു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ബഹൂറുകള്‍, കോസ്മെറ്റിക്സുകള്‍, റോള്‍ഡ്ഗോള്‍ഡ് ആഭരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്നയിടങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. വിട്ടുപോയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു വീട്ടമ്മമാര്‍. പെരുന്നാള്‍ കച്ചവടത്തിന്‍റെയും പര്‍ച്ചേസിന്‍െറയും പരിസമാപ്തി കുറിച്ച് പതിവുപോലെ റൈഹാന്‍ വില്‍പനക്കാര്‍ കൂടി എത്തി. ഈദ് ദിനത്തില്‍ ബന്ധുമിത്രാദികളുടെ കബറിടം സന്ദര്‍ശിക്കുമ്പോള്‍ കബറിന് മുകളില്‍ റൈഹാന്‍ വെക്കുന്ന പാരമ്പര്യവിശ്വാസം ചില ഒമാനികള്‍ക്കിടയിലുണ്ട്. അതേസമയം, റൂവി ഹൈസ്ട്രീറ്റിലെ കടകളില്‍ കാര്യമായ തിരക്കില്ല. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടുതലായി ഉയര്‍ന്നതിനൊപ്പം പാര്‍ക്കിങ് സൗകര്യത്തിന്‍െറ കുറവും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. പാര്‍ക്കിങ്ങ് നിയമലംഘനത്തിന് പിഴ ഉയര്‍ത്തിയതിനാല്‍ പലരും വാഹനവുമായി റൂവിയിലത്തൊന്‍ മടിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം ചെറിയ തിരക്കുണ്ടായതായി വസ്ത്രവ്യാപാര രംഗത്തുള്ള അറേബ്യന്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായ ശശിധരന്‍ പിള്ള പറഞ്ഞു. ഞായറാഴ്ച രാവിലെയൊന്നും ഒരാള്‍ പോലുമുണ്ടായില്ല. അതേസമയം, കച്ചവടം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയോളം കുറഞ്ഞതായി റൂവി പ്ളാസയില്‍ പര്‍ദ വ്യാപാരിയായ ഖലീല്‍ പറഞ്ഞു. അതേസമയം, കാര്‍ഗോ സ്തംഭനം നീങ്ങിത്തുടങ്ങിയത് ഹൈസ്ട്രീറ്റിലെ കച്ചവടക്കാര്‍ക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇക്കുറി നാട്ടിലേക്ക് കാര്‍ഗോ അയക്കാന്‍ പ്രവാസികള്‍ സാധനങ്ങള്‍ വാങ്ങിയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

ഹൈസ്ട്രീറ്റില്‍ ശനിയാഴ്ചയും ഞായറാഴ്ചയും നല്ല തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ബലി അറുത്ത് വിതരണം ചെയ്യുന്നതിനും പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കാനും നല്ലയിനം ആടുകളെ തേടി പരമ്പരാഗത സൂഖുകളിലും പെരുന്നാള്‍ ചന്തകളിലും ഒമാന്‍ സ്വദേശികള്‍ എത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ബലിമൃഗങ്ങളെ വാങ്ങാന്‍ നല്ല തിരക്കുണ്ടായി. മത്ര സൂഖില്‍  ഞായറാഴ്ച പാകിസ്താന്‍ സ്വദേശികള്‍ സോമാലിയന്‍ ആടുകളെ വാഹനത്തിലത്തെിച്ച് വില്‍പന നടത്തി. 45 റിയാല്‍ നിരക്കിലുള്ള ഈ ആടുകളെ വാങ്ങാന്‍ നിരവധി സ്വദേശികള്‍ എത്തിയിരുന്നു. സോമാലിയന്‍, യമനി ആടുകളേക്കാള്‍ വില കൂടുതലാണ് നാടന്‍ ഇനങ്ങള്‍ക്ക്. സൂറിലെ പരമ്പരാഗത പെരുന്നാള്‍ ചന്തയില്‍ നാടന്‍ ആടുകള്‍ക്ക് 450 റിയാല്‍ വരെ കഴിഞ്ഞദിവസം വില ഉയര്‍ന്നിരുന്നു. ഒമാന്‍െറ  പ്രധാന പെരുന്നാള്‍ വിഭവങ്ങളെല്ലാം ആട്ടിറച്ചികൊണ്ടാണ്. 

മുഹന്നസ്, ശുആ തുടങ്ങിയ വിഭവങ്ങളാണ് പെരുന്നാള്‍ ദിനങ്ങളില്‍ ഒമാനി  ഭവനങ്ങളില്‍ വിളമ്പുക. ഇവ തയാറാക്കുന്നതിന് നാടന്‍ ആടുകളുടെ ഇറച്ചിയാണ് കൂടുതല്‍ നല്ലതെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ നാടന്‍ ഇനങ്ങള്‍ക്ക് നല്ല ആവശ്യക്കാരുണ്ടായി. ഈ വിഭവങ്ങള്‍ക്ക് വേണ്ട പ്രത്യേക മസാലകളുടെ വില്‍പനയും സൂഖുകളിലുണ്ടായിരുന്നു. ഇക്കുറി കൂടുതല്‍ മലയാളികളും പെരുന്നാള്‍ ഒമാനില്‍തന്നെയാണ് ആഘോഷിക്കുന്നത്. ഇ- വിസയുമായി ബന്ധപ്പെട്ട നൂലാമാലകള്‍ പേടിച്ച് പലരും യു.എ.ഇ യാത്ര ഒഴിവാക്കുകയാണ്. ഖരീഫ് സീസണ്‍ അവസാനിക്കാത്തതിനാല്‍ സലാല കാണാന്‍ പോയവരും ഉണ്ട്.  അടുത്ത ശനിയാഴ്ച വരെ നീളുന്ന അവധിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാര്യമായ തിരക്ക് തന്നെ അനുഭവപ്പെടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.