ബലിപെരുന്നാള്‍; വിപണി  സജീവമാവുന്നു

മസ്കത്ത്: ഒമാനില്‍ ഈമാസം 12ന് തിങ്കളാഴ്ചയായിരിക്കും ബലി പെരുന്നാളെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. നാളെ ദുല്‍ ഹജ്ജ് ഒന്നായിരിക്കുമെന്നും അറഫാ ദിനം ഞായറാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ബലിപെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സൗദി കലണ്ടര്‍ അനുസരിച്ചാണ് പെരുന്നാളുകള്‍ ആഘോഷിക്കുന്നത്.  

ഒമാനില്‍ ചെറിയ പെരുന്നാള്‍ ഒമാനിലെ മാസപ്പിറവി അനുസരിച്ചാണ് നിശ്ചയിക്കുന്നത്. എന്നാല്‍, ബലിപെരുന്നാള്‍ സൗദി പെരുന്നാളാണ് മാനദണ്ഡമാക്കുന്നത്. ഈ വര്‍ഷം എല്ലാ ഗള്‍ഫ് രാജ്യങ്ങളും കേരളവും ഒന്നിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കും. ബലിപെരുന്നാള്‍ പ്രഖ്യാപനംവന്നതോടെ വിപണികളും സജീവമായി. മാസാദ്യമായതും നാട്ടില്‍നിന്ന് കുടുംബങ്ങള്‍ അവധികഴിഞ്ഞ് തിരിച്ചത്തെിയതും വിപണി സജീവമാകാന്‍ കാരണമായി. ഇപ്പോള്‍ വ്യാപാരസ്ഥാപനങ്ങളില്‍ വസ്ത്ര ഇനങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് കുട്ടികളുടെ വസ്ത്ര ഇനങ്ങളിലാണ്. ചെറുകിട സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് കൂടുതല്‍ പേര്‍ എത്തുന്നത്.

മത്ര സൂഖ് അടക്കമുള്ള മറ്റു സൂഖുകളിലും തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ ഏറെ വൈകിയാണ് വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നത്. പെരുന്നാള്‍ തിരക്ക് കഴിഞ്ഞമാസം 25 മുതല്‍ ആരംഭിച്ചതായി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാന്‍ ഡയറക്ടര്‍ ഹാരിസ് പാലോള്ളതില്‍ പറഞ്ഞു. ഇന്നലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വസ്ത്രങ്ങളുടെ വിഭാഗത്തിലാണ്  തിരക്ക് അനുഭവപ്പെടുന്നത്. കൂടുതല്‍ തിരക്ക് കുട്ടികളുടെ വിഭാഗത്തിലാണ്. പാദരക്ഷാ വിഭാഗത്തിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ വിഭാഗത്തിന് പെരുന്നാള്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് ധാരാളം സ്റ്റോക്കുകള്‍ എത്തിച്ചതായി അദ്ദേഹം പറഞ്ഞു. കാര്യമായി കുട്ടികളുടെ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് എത്തിച്ചത്. സ്വദേശി കുട്ടികളുടെ വസ്ത്ര ഇനങ്ങളും മലയാളി ഡ്രസുകളും വന്‍ തോതില്‍ എത്തിച്ചതായി അദ്ദേഹം പറഞ്ഞു.

 കന്നുകാലി ചന്തകളിലാണ് ബലിപെരുന്നാളിന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ കന്നുകാലി ചന്തകളുണ്ട്. വാദീ കബീര്‍, സീബ്, നിസ്വ തുടങ്ങിയ ചന്തകള്‍ ഏറെ പ്രശസ്തമാണ്. ബലിമൃഗങ്ങള്‍ വാങ്ങാന്‍ സ്വദേശികള്‍ കുടുംബത്തോടൊപ്പമാണ് ചന്തകളിലത്തെുന്നത്. ഇത്തരം ചന്തകളില്‍ കൂടുതലും സ്വദേശികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. 


ആസ്ട്രേലിയയില്‍നിന്നും മറ്റും ഇറക്കുമതിചെയ്യുന്ന ആടുകള്‍ക്ക് താരതമ്യേന വില കുറവാണെങ്കിലും നാടന്‍ ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം ആടുകളും മാടുകളും ചന്തകളിലേക്ക് എത്താന്‍ തുടങ്ങി. ഇത്തരം കന്നുകാലി ചന്തകളോടനുബന്ധിച്ച് വസ്ത്രങ്ങളും മറ്റു പെരുന്നാള്‍ ഇനങ്ങളും വില്‍പന നടത്തുന്ന ചന്തകളും പ്രവര്‍ത്തിക്കുന്നുണ്ട്. വദീകബീര്‍ ചന്തയില്‍ വരും ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെടും. പെരുന്നാള്‍ അവധിക്കാലത്ത് വിമാന ടിക്കറ്റുകളും കുത്തനെ വര്‍ധിച്ചു. പെരുന്നാള്‍ അവധിയുടെ ഭാഗമായി ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് പല വിമാന കമ്പനികളിലും സീറ്റ് തന്നെ കിട്ടാനില്ളെന്ന് സഫീര്‍ ട്രാവല്‍സ് മാനേജര്‍ ഒ.കെ. വിനോദന്‍ പറഞ്ഞു. എയര്‍ ഇന്ത്യ എക്പ്രസില്‍ ഇപ്പോള്‍ സീറ്റുകള്‍ ലഭ്യമാണെങ്കിലും വണ്‍വേക്ക് 230 റിയാലെങ്കിലും നല്‍കേണ്ടിവരും. പത്താം തീയതിയിലും നല്ല തിരക്കുള്ളതായി അദ്ദേഹം പറഞ്ഞു. ഇനി ആഘോഷത്തിന്‍െറ നാളുകളാണ്  എത്തുന്നത്. ഇത് വിപണിക്കും ഉണര്‍വ് നല്‍കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.