മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കെതിരായ ബഹിഷ്കരണം: അധികൃതര്‍ ഇടപെടുന്നു

മസ്കത്ത്: ടെലികോം ഓപറേറ്റര്‍മാര്‍ക്കെതിരായ ബഹിഷ്കരണ സമരം എട്ട് ദിവസം പിന്നിട്ടതോടെ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്ന് വ്യാപകമായി ബാലന്‍സ് നഷ്ടമാകുന്നതായി പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇത് സംബന്ധിച്ച് വിവിധ ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 ബാലന്‍സ് നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുമെന്നും ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി  (ട്രാ) കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അറിയിച്ചു. പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും അതോറിറ്റി അധികൃതര്‍ പറഞ്ഞു. അതേസമയം, പ്രീപെയ്ഡ് ബാലന്‍സ് നഷ്ടമായ സംഭവങ്ങളെ കുറിച്ച് അറിവില്ളെന്നും ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും കമ്പനി അധികൃതരും അറിയിച്ചു. ഉപഭോക്താക്കളുമായുള്ള ഇടപാടുകളില്‍ മൊബൈല്‍ സേവനദാതാക്കള്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. 
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം കര്‍ശനമായ നടപടിയെടുക്കും. നെറ്റ്വര്‍ക് ലഭ്യത ഉയര്‍ത്തി ടെലികോം, മൊബൈല്‍,  ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സേവനങ്ങളുടെ നിരക്കുകള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ട് മൂന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും അതോറിറ്റി അറിയിച്ചു. ആദ്യ ഉത്തരവ് പ്രകാരം ഒമാന്‍െറ വിവിധ പ്രദേശങ്ങളിലെ ടെലിക്കമ്യൂണിക്കേഷന്‍ കമ്പനികളുടെ നെറ്റ്വര്‍ക് ലഭ്യതയെ കുറിച്ച് ട്രാ സര്‍വേ നടത്തും. ഫിക്സഡ്, മൊബൈല്‍ സേവനങ്ങളുടെ കാര്യക്ഷമതയെ കുറിച്ച വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. 
അടുത്ത മൂന്ന് വര്‍ഷ കാലയളവിലെ നെറ്റ്വര്‍ക്, സേവന വിപുലീകരണം സംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കാന്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ അതോറിറ്റി ഓപറേറ്റര്‍മാരോട് നിര്‍ദേശിച്ചു. സേവന വിപുലീകരണത്തിനുള്ള ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതില്‍ ഓപറേറ്റര്‍മാര്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രാ അറിയിച്ചു. സേവനങ്ങളുടെ നിരക്കുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഉത്തരവ്. ഇത് പ്രകാരം ഓപറേറ്റര്‍മാര്‍ക്കിടയില്‍ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി മൂന്നാമത്തെ മൊബൈല്‍ ഓപറേറ്റര്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. 
ഒമാനിലെയും സമീപ രാജ്യങ്ങളിലെയും ടെലികമ്യൂണിക്കേഷന്‍ സേവന നിരക്കുകള്‍ സംബന്ധിച്ച് സുതാര്യമായ പഠനം നടത്താന്‍ സ്വതന്ത്ര സമിതികള്‍ രൂപവത്കരിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ താല്‍പര്യവുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഉത്തരവ്. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യാനും ഇത് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കാനും അതോറിറ്റി അറിയിച്ചു. മൊബൈല്‍ ഓപറേറ്റമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബഹിഷ്കരണ കാമ്പയിന്‍ സജീവമായ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുന്നത്. ഉയര്‍ന്ന നിരക്ക് ഈടാക്കി മോശം സേവനങ്ങളാണ് രണ്ട് പ്രധാന ഓപറേറ്റര്‍മാര്‍ നല്‍കുന്നതെന്നും ഇവര്‍ക്കെതിരെ ബഹിഷ്കരണം സമരായുധമാക്കണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ദിവസം രണ്ട് മണിക്കൂര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തോ ഫൈ്ളറ്റ് മോഡിലാക്കിയിട്ടോ ആണ് ബഹിഷ്കരണ സമരം നടക്കുന്നത്.  സ്വദേശികള്‍ക്ക് പുറമെ വിദേശികളും ഇതില്‍ ഭാഗമാകുന്നുണ്ട്. 
അറബിക്ക് പുറമെ മലയാളം, തെലുങ്ക്, ഉര്‍ദു ഭാഷകളിലുമുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ബഹിഷ്കരണ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പനികളുടെ മേലധികാരികളുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് സേവനങ്ങള്‍ നല്‍കാന്‍ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.