മസ്കത്ത്: വടക്കന്‍ ബാത്തിനയില്‍ കടലില്‍ മത്സ്യകൃഷി കേന്ദ്രം ആരംഭിക്കാന്‍ പദ്ധതി. സഹ്വ എന്നു പേരിട്ടിരിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പദ്ധതിക്ക് പിന്നിലുള്ള ഒമാനി കമ്പനിയായ അല്‍ സഫ്വ ഗ്രൂപ് ആന്‍ഡ് പാര്‍ട്ണേഴ്സ് സി.ഇ.ഒ വാരിത് അല്‍ ഖാറൂസി പറഞ്ഞു. അമേരിക്ക ആസ്ഥാനമായി കടല്‍ മത്സ്യകൃഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫോര്‍ എവര്‍ ഓഷ്യന്‍സാണ് പദ്ധതിയുടെ സാങ്കേതിക പങ്കാളി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാകും പദ്ധതിക്ക് തുടക്കമിടുകയെന്ന് അല്‍ ഖാറൂസി പറഞ്ഞു. രാജ്യത്തിന്‍െറ മൊത്തം മത്സ്യ ഉല്‍പാദനത്തിന്‍െറ 25 ശതമാനമെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഖാബൂറ തീരത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രത്തിന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിന്‍െറ പ്രത്യേക ആനുകൂല്യം ഉറപ്പാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പദ്ധതിയുടെ പ്രധാന ഭാഗമായ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായുള്ള ആശയവിനിമയവും നടന്നുകൊണ്ടിരിക്കുന്നു. ഖാബൂറ തീരത്തുനിന്ന് 15 കിലോമീറ്റര്‍ അകലെ കടലിലാകും ഇത് നിര്‍മിക്കുക. 150 ഹെക്ടര്‍ വിസ്തൃതിയില്‍ ഭീമന്‍ കൂടുകളിലായിട്ടാകും കൃഷി നടത്തുക. കടലിന്‍െറ ഉപരിതലത്തില്‍നിന്ന് 50 മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാകും കൂടുകള്‍ സ്ഥാപിക്കുക.
വാണിജ്യമൂല്യമുള്ള ആംബര്‍ജാക്ക് മത്സ്യങ്ങളെയാകും ആദ്യഘട്ടത്തില്‍ ഇതില്‍ വളര്‍ത്തുക. പ്രതിവര്‍ഷം 8000 ടണ്‍ വരെ മത്സ്യം കൃഷിയിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ ഖാറൂസി പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തിനൊപ്പം ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കടലിലെ കൃഷിയിലൂടെ സാധിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
മീനുകള്‍ക്ക് പ്രകൃതിദത്തമായ ആവാസവ്യവസ്ഥ ഇവിടെ ലഭ്യമാകുമെങ്കിലും വെല്ലുവിളികള്‍ നിരവധിയുണ്ട്. പദ്ധതിക്ക് മൂന്നു ഘട്ടങ്ങളിലായി മൊത്തം 20 ദശലക്ഷം റിയാലാണ് ചെലവുവരുക. പ്രാഥമിക ഘട്ടം അഞ്ചുദശലക്ഷം റിയാല്‍ ചെലവിലാകും നടപ്പാക്കുകയെന്നും അല്‍ ഖാറൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.