കീടനാശിനി കലര്‍ന്ന പച്ചക്കറി അയച്ചത്  വിദേശ കര്‍ഷകരെന്ന് മന്ത്രാലയം

മസ്കത്ത്: അമിതമായി കീടനാശിനി കലര്‍ന്ന പച്ചക്കറി യു.എ.ഇ തിരിച്ചയച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒമാന്‍ കാര്‍ഷിക മന്ത്രാലയം ഒരുങ്ങുന്നു. വിദേശി കര്‍ഷകരുടെ തോട്ടങ്ങളില്‍ വിളഞ്ഞ പച്ചക്കറികളാണ് തിരിച്ചയച്ചതെന്നും സ്വദേശികള്‍ ആരും തന്നെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 
കേസ് കൂടുതല്‍ അന്വേഷണത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുറ്റക്കാരെന്ന് തെളിയുന്നവരെ വിചാരണക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് അനുവദനീയമായതിലും അധികം കീടനാശിനി കലര്‍ന്നതായി ചൂണ്ടിക്കാട്ടി പച്ചക്കറി ലോഡ് യു.എ.ഇ ഒമാനിലേക്ക് തിരിച്ചയച്ചത്. ഏതാണ്ട് 200 ടണ്ണോളം വരുന്ന പച്ചക്കറി വജാജ അതിര്‍ത്തിയില്‍ പിന്നീട് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. പഴങ്ങളിലും പച്ചക്കറികളിലും അനുവദനീയമായതിലും അധികം കീടനാശിനി കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വിപുലമായ സൗകര്യങ്ങളുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം വക്താവ് പറഞ്ഞു. തെക്ക്, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലെ ഭക്ഷണ, ജല പരിശോധനാ ലബോറട്ടറികളില്‍ പരിശോധന നടത്തി ഇവ ഭക്ഷ്യയോഗ്യമാണോയെന്ന് തിരിച്ചറിയാം. അടുത്തിടെ ഇവിടെ നടന്ന പരിശോധനകളില്‍ 99 ശതമാനം പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും അമിത വിഷാംശം ഇല്ളെന്ന് കണ്ടത്തെിയിരുന്നു. 
ഈ പഴങ്ങളിലും പച്ചക്കറികളിലും ബഹുഭൂരിപക്ഷവും പ്രാദേശിക മാര്‍ക്കറ്റുകളിലാണ് വിപണനം നടത്തിയതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒമാന്‍, യു.എ.ഇ അധികൃതര്‍ എപ്പോഴും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങളുടെ കയറ്റുമതി ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സദാ നിരീക്ഷിക്കുന്നുണ്ട്. സെന്‍ട്രല്‍ ലബോറട്ടറി വൈകാതെ യാഥാര്‍ഥ്യമാകുമെന്നും ഇതോടെ അമിത കീടനാശിനി പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന ബന്ധപ്പെട്ട ഒമാനി അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പച്ചക്കറി വാഹനങ്ങള്‍ക്ക് യു.എ.ഇ പ്രവേശനാനുമതി നല്‍കാറില്ല. എന്നാല്‍, ലോഡുമായി വന്ന ട്രക്കിലെ ഡ്രൈവര്‍മാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അതിര്‍ത്തിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അമിത കീടനാശിനി പ്രയോഗത്തിന്‍െറ പശ്ചാത്തലത്തില്‍ വടക്ക്, തെക്കന്‍ ബാത്തിനയിലെ കൃഷിത്തോട്ടങ്ങളില്‍ പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. വിദേശതൊഴിലാളികളാണ് ഇവിടെ കൂടുതല്‍ തോട്ടങ്ങളും നടത്തുന്നത്. കാര്‍ഷികമന്ത്രാലയം നടത്തിയ പരിശോധനയില്‍ ചില വിദേശതൊഴിലാളികളെ അമിത കീടനാശിനി ഉപയോഗത്തിന് അറസ്റ്റ് ചെയ്തിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.