കാര്‍ഗോ മേഖലയില്‍ ഉണര്‍വ്

മസ്കത്ത്: കഴിഞ്ഞ ഒരു വര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖലയില്‍ ഉണര്‍വ്. ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വിസുകള്‍ക്ക് കൊച്ചിയില്‍ ക്ളിയറന്‍സ് ആരംഭിച്ചതാണ്  ഉണര്‍വിന് കാരണം. ഇതിനാല്‍ കേരളത്തിലേക്കുള്ള ഡോര്‍ റ്റു ഡോര്‍ കാര്‍ഗോകള്‍ നാലുദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ലഭിക്കാന്‍ തുടങ്ങിയതായി അല്‍ നഅ്മാനി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ പി.കെ. മുഹമ്മദ് ഉണ്ണി ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
എന്നാല്‍, സാധാരണ അനുഭവപ്പെടാറുള്ള റമദാന്‍ തിരക്ക് ഇതുവരെ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടില്ല. റമദാന്‍െറ തൊട്ടുമുമ്പുള്ള മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഡോര്‍ടു ഡോര്‍ കാര്‍ഗോ നാട്ടിലേക്ക് ഒഴുകുന്നത്.  ഈത്തപ്പഴവും പാല്‍പൊടിയും ശീതളപാനീയവുമടക്കമുള്ള റമദാന്‍ ഉല്‍പന്നങ്ങള്‍  വന്‍തോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കാറുണ്ട്.
വീട്ടിലേക്ക് അയക്കുന്നതിനൊപ്പം മറ്റ് ചാരിറ്റി സ്ഥാപനങ്ങളിലേക്കും ഇഫ്താര്‍ ആവശ്യത്തിനും മറ്റും ഡോര്‍ ടു ഡോര്‍ കാര്‍ഗോ ഉപയേഗപ്പെടുത്താറുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം റമദാന്‍ കാലത്ത് അയച്ച കാര്‍ഗോയില്‍ പകുതിയിലധികവും ഉപഭോക്താവിന് ലഭിച്ചിരുന്നില്ല. പ്രധാന കാര്‍ഗോ ക്ളിയറന്‍സ് കേന്ദ്രമായ മുംബൈ അടക്കം എല്ലാ വിമാനത്താവളങ്ങളിലും കാര്‍ഗോ ക്ളിയറന്‍സ് നിര്‍ത്തിവെച്ചിരുന്നു. കാര്‍ഗോ ഉല്‍പന്നങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതാണ് പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കഴിഞ്ഞ ജൂലൈ മുതല്‍ കൊച്ചി അടക്കം എല്ലാ വിമാനത്താവളങ്ങളിലും ക്ളിയറന്‍സ് നിലച്ചതോടെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖല വന്‍പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കുശേഷം ഡല്‍ഹി വഴി കാര്‍ഗോ ക്ളിയറന്‍സ് ആരംഭിച്ചിരുന്നു. ഡല്‍ഹിയില്‍ ക്ളിയറന്‍സ് തുടങ്ങിയതോടെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖലയുടെ പ്രതിസന്ധി നീങ്ങാന്‍ തുടങ്ങിയെങ്കിലും മുംബൈ വഴി ഇനിയും ക്ളിയറന്‍സ് ആരംഭിച്ചിട്ടില്ല.
എന്നാല്‍, അടുത്തിടെ കൊച്ചിയില്‍ ക്ളിയറന്‍സ് ആരംഭിച്ചതോടെ ഈ മേഖലയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഒരാഴ്ചകൊണ്ട് ഉല്‍പന്നങ്ങള്‍ വീട്ടില്‍ കിട്ടുമെന്ന അവസ്ഥ വന്നതോടെ തിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയതായി മുഹമ്മദ് ഉണ്ണി പറഞ്ഞു. ഇപ്പോള്‍ അയക്കുന്ന ഉല്‍പന്നങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് റമദാന് മുമ്പ് ലഭിക്കും. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഡല്‍ഹി വഴി ക്ളിയറന്‍സ് ആയതിനാല്‍ അല്‍പംകൂടി സമയം വൈകാനിടയുണ്ട്.  
അയക്കുന്ന ഉല്‍പന്നങ്ങളുടെ സത്യസന്ധത ഉറപ്പാക്കാന്‍ അയക്കുന്ന ആളുടെയും സ്വീകര്‍ത്താവിന്‍െറയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അയക്കുന്ന ആളുടെ പാസ്പോര്‍ട്ട് കോപ്പിയും സ്വീകര്‍ത്താവിന്‍െറ ആധാര്‍ കാര്‍ഡ് കോപ്പിയുമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
ഇത് കാര്‍ഗോ ഉല്‍പന്നങ്ങള്‍ എത്തുന്നത് വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കാര്‍ഗോ മേഖല സാധാരണഗതിയിലായതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സന്തോഷത്തിലാണ്. മൊത്തം ജി.സി.സിയില്‍ ആയിരക്കണക്കിന് മലയാളികളാണ് കാര്‍ഗോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.